ഡല്‍ഹി: പ്രധാനമന്ത്രി ജൻധൻ യോജനക്ക് കീഴിൽ ആദിവാസി സമൂഹത്തെ എത്തിക്കേണ്ടതുണ്ടെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. പ്രത്യേക ഗോത്രങ്ങൾക്കായി ഒരു പ്രത്യേക പദ്ധതി കൊണ്ടുവന്നു. അടിസ്ഥാന സൗകര്യ വികസനത്തിന് ആക്കം കൂട്ടി.
സർക്കാർ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ദാരിദ്ര്യം തുടച്ചുനീക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. വെല്ലുവിളികളെ സർക്കാർ ധീരമായി നേരിട്ടു. ഗ്രാമവികസനത്തിനുള്ള പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്.
ജലവിതരണ പദ്ധതിയിലൂടെ എല്ലാ വീടുകളിലും വെള്ളം എത്തിക്കുന്നുണ്ട്. 78 ലക്ഷം വഴിയോര കച്ചവടക്കാർക്ക് സഹായം നൽകി. കർഷകരെ ശാക്തീകരിക്കുന്നതിന് ഊന്നൽ നൽകിയിട്ടുണ്ട്. പ്രധാനമന്ത്രി വിള ഇൻഷുറൻസ് പദ്ധതിയുടെ ആനുകൂല്യം 4 കോടി കർഷകർക്ക് ലഭിച്ചു. പ്രധാനമന്ത്രി കിസാൻ യോജനയിൽ നിന്ന് 11.8 കോടി ആളുകൾക്ക് ധനസഹായം ലഭിച്ചുവെന്നും ധനമന്ത്രി പറഞ്ഞു
സാധാരണക്കാരുടെ ജീവിതത്തിൽ മാറ്റം കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. യുവാക്കളെ ശാക്തീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടത്തി. പുതുതായി മൂവായിരം ഐടിഐകൾ തുറന്നു. 54 ലക്ഷം യുവാക്കൾക്ക് പരിശീലനം നൽകി.
ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ യുവനിര വിജയം കൈവരിച്ചു. മുത്തലാഖ് നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. പാർലമെന്റിൽ സ്ത്രീകൾക്ക് സംവരണം നൽകാൻ നിയമം കൊണ്ടുവന്നുവെന്നും ധനമന്ത്രി പറഞ്ഞു.
എല്ലാവർക്കും വീട്, എല്ലാ വീട്ടുകാർക്കും വെള്ളം, എല്ലാവർക്കും വൈദ്യുതി, എല്ലാവർക്കും പാചക വാതകം, എല്ലാവർക്കും ബാങ്ക് അക്കൗണ്ടുകൾ എന്നിവയിലൂടെ എല്ലാ വീടുകളെയും വ്യക്തികളെയും ലക്ഷ്യമിട്ടുള്ള വികസന പരിപാടികൾ റെക്കോർഡ് സമയത്തിനുള്ളിൽ നടപ്പാക്കിയതായി ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.
നമ്മുടെ സർക്കാർ എല്ലാവരുടേയും വികസനത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. നമ്മുടെ യുവരാജ്യത്തിന്റെ അഭിലാഷങ്ങൾ ഉയർന്നതാണ്. കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ അഭൂതപൂർവമായ മാറ്റമുണ്ടായി.
2014ൽ രാജ്യം വലിയ വെല്ലുവിളികൾ നേരിട്ടിരുന്നു. ആ വെല്ലുവിളികളെ അതിജീവിച്ച് സർക്കാർ ഘടനാപരമായ പരിഷ്കാരങ്ങൾ നടത്തി. ജനസൗഹൃദ പരിഷ്കാരങ്ങൾ നടപ്പാക്കിയെന്നും നിർമല സിതാരാമൻ പറഞ്ഞു.