തിരുവനന്തപുരം: സംസ്ഥാന വിവരാവകാശ കമ്മിഷണർമാരായി സർപ്രൈസ് ശുപാർശകൾ. ദേശാഭിമാനിയിലെ കെ.വി സുധാകരന്റെ ഒഴിവിലേക്ക് മലയാള മനോരമയിലെ ജേർണലിസ്റ്റിനെയാണ് സർക്കാർ ശുപാർശ ചെയ്തത്.
മലയാള മനോരമ തിരുവനന്തപുരം യൂണിറ്റിലെ ചീഫ് സബ് എഡിറ്റർ ഡോ.സോണിച്ചൻ പി. ജോസഫ്, കൊട്ടിയം എൻ.എസ്.എസ് കോളേജിലെ അദ്ധ്യാപകനായിരുന്ന എം.ശ്രീകുമാർ, തൃശൂർ കേരളവർമ്മ കോളേജിലെ അദ്ധ്യാപകനായിരുന്ന ടി.കെ.രാമകൃഷ്ണൻ എന്നിവരെ നിയമിക്കാൻ ഗവർണർക്ക് സെർച്ച് കമ്മിറ്റി ശുപാർശ ചെയ്തു.
ഡോ.സോണിച്ചൻ പി. ജോസഫ്
മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മന്ത്രി പി.രാജീവ് എന്നിവരടങ്ങിയ സമിതിയുടേതാണ് ശുപാർശ. ഇത് മന്ത്രിസഭാ യോഗം അംഗീകരിച്ച് ഗവർണർക്ക് അയയ്ക്കും. സർക്കാർ തീരുമാനമെടുത്താലും ഗവർണർ ശുപാർശയിൽ ഒപ്പിട്ടാലേ നിയമനം നടത്താനാവൂ.
കോട്ടയം പാലാ സ്വദേശിയാണ് സോണിച്ചൻ. കൊല്ലം തിരുമുല്ലവാരം സ്വദേശിയായ ശ്രീകുമാറും കോഴിക്കോട് സ്വദേശിയായ രാമകൃഷ്ണനും കോളേജ് അദ്ധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എയുടെ ഭാരവാഹികളായിരുന്നു. സോണിച്ചനെ കേരളാ കോൺഗ്രസ് എമ്മും ശ്രീകുമാറിനെ സി.പി.എമ്മും രാമകൃഷ്ണനെ സി.പി.ഐയുമാണ് ശുപാർശ ചെയ്തത്.
നിലവിൽ 3 ഒഴിവുകളാണുണ്ടായിരുന്നത്. മുൻ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയാണ് നിലവില മുഖ്യ വിവരവാവകാശ കമ്മിഷണർ. ഡോ. കെ.എം. ദിലീപ്, അബ്ദുൾ ഹക്കീം എന്നിവർ കമ്മിഷണർമാരാണ്.
വിവകാവകാശ കമ്മിഷണറുടേത് നേരത്തേ ഗവൺമെന്റ് സെക്രട്ടറി പദവിയുള്ള തസ്തികയായിരുന്നു. 2019ലെ ഭേദഗതിയോടെ പദവി ഇല്ലാതായി. നേരത്തേ കാലാവധി 5 വർഷമായിരുന്നത് ഇപ്പോൾ 3വർഷമാക്കി. വിവരാവകാശ കമ്മിഷണർമാർക്ക് 2.25 ലക്ഷം രൂപ ശമ്പളവും കാറും ഔദ്യോഗിക വസതിയും സ്റ്റാഫുകളെയും ലഭിക്കും. ഒരുലക്ഷം രൂപയോളമാണ് പെൻഷൻ. മുഖ്യ വിവരാവകാശ കമ്മിഷണർക്ക് 2.75 ലക്ഷമാണ് ശമ്പളം. സർക്കാരും എ.ജിയും വിലക്കിയിട്ടും വിശ്വാസ് മേത്ത 11400 രൂപ പ്രതിമാസ പ്രത്യേക അലവൻസും വാങ്ങുന്നുണ്ട്.
മൃഗക്ഷേമവകുപ്പ് മുൻ ഡയറക്ടറും ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ മുൻ പ്രസിഡന്റുമായ ഡോ.കെ.എം.ദിലീപും നിലവിൽ വിവരാവകാശ കമ്മീഷണറാണ്. സി.പി.ഐ പ്രതിനിധിയായിരുന്ന എച്ച്.രാജീവിന്റെ കാലാവധി പൂർത്തിയായ ഒഴിവിലാണ് ദിലീപിനെ നിയമിച്ചത്. പൊതുഭരണ വകുപ്പാണ് ഉത്തരവിറക്കേണ്ടത്. 5 വർഷമായിരുന്ന കാലാവധി സുപ്രീംകോടതി 3 വർഷമാക്കി. ചീഫ്സെക്രട്ടറിയുടെ ശമ്പളം ലഭിക്കുമെങ്കിലും ആ പദവിയുമില്ല.