കൊച്ചി: ഉപഭോക്താക്കള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സും ലൈഫ് ഇന്‍ഷുറന്‍സും ലഭ്യമാക്കുന്നതിന് ഐസിഐസിഐ ലൊംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സും ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സും സംയുക്തമായി ഐഷീല്‍ഡ് അവതരിപ്പിച്ചു. ഉപഭോക്താക്കളുടെ ചികില്‍സാ ചെലവുകള്‍ നേരിടാന്‍ ഐഷീല്‍ഡ് സഹായകമാകും. ഇതിനു പുറമെ പോളിസി ഉടമയുടെ അപ്രതീക്ഷിത വിയോഗമുണ്ടായാല്‍ മൊത്തമായി ഒരു തുകയും നല്‍കും.
ആശുപത്രിയില്‍ കിടത്തിയുള്ള ചികില്‍സ, ഡേ കെയര്‍ ചികില്‍സ, ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനു മുന്‍പും പിന്‍പുമുള്ള ചെലവുകള്‍, വീട്ടിലുള്ള ചികില്‍സ തുടങ്ങി നിരവധി ആനുകൂല്യങ്ങള്‍ ഇതിന്‍റെ ആരോഗ്യ ഇന്‍ഷുറന്‍സ് ഘടകം നല്‍കും. 85 വയസ്സ് വരെ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും.
ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷകള്‍ക്കായി പ്രത്യേക പദ്ധതികള്‍ വാങ്ങുന്നതിനു പകരം ഒരൊറ്റ പദ്ധതിയിലൂടെ ഇവ നേടാനാവും. ഉപഭോക്താക്കള്‍ക്ക് ഒരൊറ്റ അപേക്ഷ പൂരിപ്പിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമായി ഇത് എളുപ്പത്തില്‍ വാങ്ങാനാകും. വിപുലമായ ഏജന്‍സി ശൃംഖലയ്ക്കു പുറമെ വെബ്സൈറ്റ് വഴിയും മൊബൈല്‍ ആപ്പു വഴിയും ഇത് ലഭ്യമാകും.
ഉപഭോക്താക്കള്‍ക്കും കുടുംബത്തിനും സമ്പൂര്‍ണ പരിരക്ഷയും സാമ്പത്തിക ക്ഷേമവും ലഭ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഐസിഐസിഐ ലൊംബാര്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സഞ്ജീവ് മന്ത്രി പറഞ്ഞു. ആരോഗ്യ ഇന്‍ഷുറന്‍സ് രംഗത്തെ തങ്ങളുടെ അനുഭവ സമ്പത്തും ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫിന്‍റെ വൈദഗ്ദ്ധ്യവും ഒത്തുചേര്‍ന്ന് ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ ലഭ്യമാക്കാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമഗ്രമായ ഈ പദ്ധതി ഉപഭോക്താക്കള്‍ക്ക് ചികില്‍സാ ചെലവുകള്‍ നേരിടേണ്ടി വരികയോ വരുമാനമുണ്ടാക്കുന്ന വ്യക്തിയുടെ വിയോഗമുണ്ടാകുകയോ ചെയ്താല്‍ സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടാതെ മുന്നോട്ടു പോകാന്‍ സഹായകമാകുമെന്ന് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ചീഫ് ഡിസ്ട്രിബ്യൂഷന്‍ ഓഫീസര്‍ അമിത് പാല്‍ട പറഞ്ഞു.
