കൊച്ചി: അങ്കമാലി മൂക്കന്നൂര്‍ കൂട്ടക്കൊലപാതകക്കേസില്‍ പ്രതി ബാബുവിന് വധശിക്ഷ. 33 വയസുള്ള സ്മിതയെ കൊലപ്പെടുത്തിയ കേസിലാണ് കൊച്ചിയിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന പ്രത്യേക കോടതി ജഡ്ജി കെ. സോമന്‍ ബാബുവിന് വധശിക്ഷ വിധിച്ചത്.
സ്മിതയെ കൊലപ്പെടുത്തിയത് അതിദാരുണമായാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് വധശിക്ഷ നല്‍കിയത്. സ്മിതയുടെ ശരീരത്തില്‍ 35 മുറിവുകളാണ് ഉണ്ടായിരുന്നത്. മറ്റു രണ്ടു കൊലപാതകങ്ങളില്‍ ഇരട്ട ജീവപര്യന്തം തടവുമാണ് ശിക്ഷ. 
2018 ഫെബ്രുവരി 11നാണ് അങ്കമാലിക്കടുത്ത് മൂക്കന്നൂര്‍ എരപ്പില്‍ നാടിനെ നടുക്കിയ കൂട്ടക്കൊലപാതകം നടക്കുന്നത്. സഹോദരനായ ശിവന്‍, ഇയാളുടെ ഭാര്യ വത്സല, മകള്‍ സ്മിത എന്നിവരെയാണ് പ്രതി ബാബു വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമണം തടയാന്‍ ശ്രമിച്ച സ്മിതയുടെ ഇരട്ടക്കുട്ടികള്‍ക്ക് നേരെയും ആക്രമണം നടത്തി. കേസില്‍ പ്രതി ബാബു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിച്ചായിരുന്നു കോടതി വിധി.
സ്വത്തു തര്‍ക്കത്തെത്തുടര്‍ന്നാണ് പ്രതി ബാബു സഹോദരനെയും കുടുംബത്തെയും വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. കൃത്യം നടത്തിയതിന് പിന്നാലെ കൊരട്ടിയിലെ ക്ഷേത്രക്കുളത്തില്‍ സ്‌കൂട്ടറുമായി ചാടി ആത്മഹത്യക്ക് ശ്രമിച്ച ബാബുവിനെ പ്രദേശവാസികളും പോലീസും ചേര്‍ന്ന് പിടികൂടുകയായിരുന്നു. പെട്ടി ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന ബാബു മറ്റൊരു സഹോദരന്റെ ഭാര്യയായ സേതു ലക്ഷ്മിയെയും കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നു. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *