തൃശൂര്‍: അതിരൂക്ഷമായ ഗ്രൂപ്പ് കളികൾകൊണ്ടും ആശ്രിത വത്സരരെക്കൊണ്ടും തൃശൂർ ജില്ലാ കോൺഗ്രസ്സ് കമ്മറ്റിക്ക് കീഴിലുള്ള മണ്ഡലം കമ്മറ്റി പ്രസിഡണ്ട് തിരഞ്ഞെടുപ്പുകൾ പാർട്ടിക്ക് തന്നെ കീറാമുട്ടിയായി തീർന്നിരിക്കുന്നു.
കേരളത്തിൽ കോൺഗ്രസ്സിന് ഏറ്റവും ഉറച്ച ജില്ലയായിരുന്ന തൃശൂരിൽ നിന്നും ഒരു എംഎൽഎ മാത്രമായി പാർട്ടി അധഃപതിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ അധികാര കൊതിയും അവസരവാദവും കൊണ്ട് മണ്ഡലം പ്രസിഡന്റുമാരെ തീരുമാനിക്കാനാവാതെ നേതൃത്വം കുഴുഞ്ഞു കൊണ്ടിരിക്കുന്നു.
ജില്ലയിലെ ആദ്യ പട്ടിക നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പഴയ മാള മണ്ഡലമായിരുന്ന കൊടുങ്ങല്ലൂർ നിയോജകത്തിൽ പെട്ട പുത്തൻചിറ, വെള്ളാങ്കല്ലൂർ എന്നീ പഞ്ചായത്തുകളിലെ മണ്ഡലം കമ്മറ്റി പ്രസിഡന്റ് തിരഞ്ഞെടുപ്പ് വിഴുപ്പലക്കലിന്റെ വേദിയായി മാറിയിരിക്കുന്നു.
കോൺഗ്രസ്സിന് വളരെ ആധിപത്യം ഉണ്ടായിരുന്ന ഈ പ്രദേശങ്ങളിൽ ചില ഛിദ്രശക്തികളുടെ പ്രേരണ പ്രകാരം പാർട്ടിയെ തകർക്കുവാൻ പഴയ ഡിഐസിക്കാരും ചില വ്യക്തികളും മുന്നിട്ടിറങ്ങിയപ്പോൾ ഡിസിസി കടുത്ത പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുകയാണ്.
സ്ഥലം എംപിയുടെ അനാവശ്യ ഇടപെടലുകളാണ് ഇന്നിപ്പോൾ പാർട്ടി അനുഭവിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ നാശം എന്ന് മുതിർന്ന നേതാവ് പ്രഖ്യാപിക്കുകയുണ്ടായി. വളരെ പാവപ്പെട്ട കുടുംബത്തിൽ ജനിച്ച കൂലിപ്പണിക്കാരനായ ഒരാളെ ജില്ലാ നേതൃത്വം വെള്ളാങ്കല്ലൂർ മണ്ഡലം പ്രസിഡന്റ് ആയി പ്രഖ്യാപിച്ചപ്പോൾ ചില നേതാക്കന്മാർ അതിനെതിരെ ഇടങ്കോൽ ഇടുകയാണ്.
ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായ ഈ സമയത്ത് എംപിയുടെ നോമിനിയെ പ്രസിണ്ടന്റ് ആക്കിയാൽ തിരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിൽക്കുമെന്ന് യഥാർത്ഥ കോൺഗ്രസ്സുകാർ വാട്സാപ്പ് ഗ്രൂപുകളിൽ മുന്നറിയിപ്പ് നൽകി തുടങ്ങിയിരിക്കുന്നു.
ഇന്ത്യാരാജ്യം ഒന്നടങ്കം കോൺഗ്രസ്സ് പാർട്ടി വെല്ലുവിളികൾ നേരിട്ട് കൊണ്ടിരിക്കുമ്പോൾ കമൽനാഥ് കളിക്കാനും ഗെഹ്‌ലോട്ട് കളിക്കാനും എംപിമാർ മുന്നിട്ടിറങ്ങിയാൽ കയ്യിലുള്ള സീറ്റുകൾ വരെ നഷ്ടപ്പെടുന്ന തരത്തിലേക്കാണ് കാര്യങ്ങൾ പോയിക്കൊണ്ടിരിക്കുന്നത്.
ഡിസിസി നേതൃത്വവും കെപിസിസി നേതൃത്വവും വളരെ പക്വതയോടെയാണ് തീരുമാനങ്ങൾ എടുത്തത് എങ്കിലും ബാഹ്യശക്തികളുടെ ഇടപെടലുകളിൽ പാർട്ടിയും അണികളും വളരെ നിരാശയിലാണ്.
തൃശൂരിൽ പ്രധാനമന്ത്രിക്ക് നൽകിയ സ്വീകരണത്തേക്കാൾ പതിന്മടങ് ശോഭയോടെ എഐസിസി പ്രസിഡന്റ് മല്ലികാർജ്ജുന്ന ഖാർഗെയെ സ്വീകരിക്കുവാൻ പാർട്ടി ഒരുക്കം കൂട്ടുന്നതിനിടയിൽ ഈ തരത്തിലുള്ള ഗ്രൂപ്പ് കളികൾ നേതൃത്വം കണ്ടില്ലെന്ന് നടിക്കരുത് എന്നാണ് അണികളിൽ നിന്നും മനസിലാക്കുവാൻ സാധിക്കുന്നത്.വിശ്വനാഥൻ (തൃശൂർ രാഷ്ട്രീയ ലേഖകൻ)