ബറൂച്ച്: അനധികൃതമായി നിർമ്മിച്ച കെട്ടിടം പൊളിച്ചുമാറ്റാതിരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേയും പ്രതിമകൾ സ്ഥാപിച്ച് വ്യാപാരിയുടെ രസകരമായ നീക്കം.
ഗുജറാത്തിലെ ബറൂച്ചിലാണ് ഒരു ആക്രി വ്യാപാരി ബുദ്ധിപരമായ നീക്കത്തിലൂടെ കെട്ടിടം പൊളിക്കുന്നത് ഒഴിവാക്കാൻ ശ്രമിച്ചത്. ബറൂച്ച്-അങ്കലേശ്വർ അർബൻ ഡെവലപ്‌മെന്റ് അതോറിറ്റി (ബൗഡ) യാണ് കെട്ടിടം പൊളിക്കാൻ വ്യാപാരിയോട് നിർദ്ദേശം നൽകിയത്.
കഴിഞ്ഞ വർഷം താൻ വാങ്ങിയ ഒരു കെട്ടിടത്തിൽ അധിക നില നിർമ്മിച്ച മോഹൻലാൽ ഗുപ്ത ഇപ്പോൾ ശ്രീരാമന്റേയുംയും സീതയുടെയും ലക്ഷ്മണന്റേയും വിഗ്രഹങ്ങളുള്ള ഒരു “ക്ഷേത്രം”തന്നെ ഇവിടെ നിർമ്മിച്ചു. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെയും സാദൃശ്യമുള്ള പ്രതിമകൾ ശ്രീകോവിലിനു പുറത്ത് ‘കാവൽ’ നിൽക്കുന്നും കാണാം.
ഇത് മാത്രമല്ല പ്രധാനമന്ത്രി മോദി അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ നടത്തിയപ്പോൾ അനധികൃത സ്ക്രാപ്പ് ഗോഡൗണിന് മുകളിൽ ഗുപ്തയും തന്റെ ക്ഷേത്രം ഉദ്ഘാടനം ചെയ്തു.
അങ്കലേശ്വറിലെ ഗഡ്ഖോൽ ഗ്രാമത്തിലെ ജന്തനഗർ സൊസൈറ്റിയിലെ താമസക്കാരനായ മൻസുഖ് രഖാസിയയുടെ പരാതിയെ തുടർന്ന് ബൗഡ ഉദ്യോഗസ്ഥർ കെട്ടിടം പരിശോധിച്ചതിന് തൊട്ടുപിന്നാലെയാണ് സ്ക്രാപ്പ് വ്യാപാരിയുടെ രസകരമായ നീക്കമുണ്ടായത്.
മേൽക്കൂരയിലെ ക്ഷേത്രത്തെക്കുറിച്ചുള്ള പുതിയ പരാതികളെത്തുടർന്ന്, ചൊവ്വാഴ്ച ബൗഡ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു, മുൻകൂർ അനുമതിയില്ലാതെ ഗുപ്ത ഒരു അധിക നില നിർമ്മിച്ചതായി പരിശോധനയിൽ കണ്ടെത്തി.
ആവശ്യമായ രേഖകൾ സമർപ്പിക്കാൻ ഉദ്യോഗസ്ഥർ അദ്ദേഹത്തിന് ഏഴ് ദിവസത്തെ സമയം അനുവദിച്ചു. അതേ സമയം ഗുപ്ത പറയുന്നതനുസരിച്ച്, കഴിഞ്ഞ വർഷം വസ്തു വാങ്ങിയ ജിതേന്ദ്ര ഓസ, 2012 ൽ ഗഡ്ഖോൾ ഗ്രാമപഞ്ചായത്തിൽ നിന്ന് നിർമ്മാണത്തിന് അനുമതി വാങ്ങിയിരുന്നു. അസൂയാലുക്കളായ ആളുകളാണ് കെട്ടിടത്തിനെതിരെ പരാതിപ്പെട്ടതെന്ന് ഗുപ്ത ആരോപിച്ചു.
“ഞാൻ ചില ഭാഗങ്ങൾ പൊളിച്ച് വസ്തുവിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. എന്നോട് അസൂയയുള്ള ചിലരുണ്ട്, കെട്ടിടം പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. അവർ എന്നിൽ നിന്നും പണം ആവശ്യപ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ റിദ്ധി സിദ്ധി സൊസൈറ്റിയിൽ നിന്ന് അകലെയുള്ള ഒരു റെസിഡൻഷ്യൽ സൊസൈറ്റിയിലാണ് അവർ താമസിക്കുന്നത്, ”അദ്ദേഹം പറഞ്ഞു.