ഉത്തര്‍പ്രദേശ്: ഷൂസ് പൊട്ടിയതിനാല്‍ കല്യാണത്തിന് പങ്കെടുക്കാനാകാത്തതിനാല്‍ കടുത്ത മനോരോഗത്തിന് അഭിഭാഷകന്‍ ചികിത്സ തേടി. സംഭവത്തില്‍ കടയുടമയോട് അഭിഭാഷകന്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു. ഫത്തേപൂരിലെ കമല നഗര്‍ സ്വദേശിയായ ഗ്യാനേന്ദ്രഭാന്‍ ത്രിപാഠിയാണ് വക്കീല്‍ നോട്ടീസ് അയച്ചത്.
ഉത്തര്‍പ്രദേശിലെ ഫത്തേപ്പൂരിലാണ് സംഭവം. ഭാര്യാ സഹോദരന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനായാണ് അഭിഭാഷകന്‍ 1200 രൂപ നല്‍കി പുതിയ ഷൂസ് വാങ്ങിയത്. എന്നാല്‍, ചെരുപ്പ് കീറിയതോടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ഇതൊടെ മാനസികാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി അഭിഭാഷകന്‍ പറയുന്നു.
തുടര്‍ന്ന് കാണ്‍പൂരിലെ സ്വകാര്യ ആശുപത്രിയില്‍ 10000 രൂപയിലധികം ചെലവഴിച്ച് ചികിത്സ തേടി. 2023 നവംബര്‍ 21നാണ് 6 മാസം ഗ്യാരണ്ടിയുള്ള ഷൂസ് ത്രിപാഠി വാങ്ങിയത്. രോഗം ഭേദമായ ശേഷം 2024 ജനുവരി 19 നാണ് കടയുടമയ്ക്ക് നോട്ടീസ് അയച്ചത്. ചികിത്സയ്ക്കായി ചെലവഴിച്ച 10,000 രൂപയും രജിസ്ട്രേഷനായി 2100 രൂപയും ചെരിപ്പിന്റ വിലയായ 1200 രൂപയും 15 ദിവസത്തിനുള്ളില്‍ തിരികെ നല്‍കണമെന്നാണ് ആവശ്യം.
അതേസമയം, അഭിഭാഷകന്റെ വാദം തെറ്റാണെന്ന് കടയുടമ പറയുന്നു. ഗ്യാനേന്ദ്രഭാന്‍ ത്രിപാഠിയാണ് ഷൂസ് തെരഞ്ഞെടുത്തത്. എടുത്ത ഷൂസിന് 50 ശതമാനം കിഴിവും നല്‍കി. ഷൂവിന്റെ അടിഭാഗം കേടാകില്ലെന്ന വാറന്റിയാണ് നല്‍കിയതെന്ന് കടയുടമ പറഞ്ഞു.