ആലപ്പുഴ – രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ മുഴുവന്‍ പ്രതികളെയും വധശിക്ഷയ്ക്ക് വിധിച്ചെങ്കിലും തങ്ങള്‍ക്ക് നീതി എവിടെയെന്ന് ചോദിക്കുകയാണ് കൊല്ലപ്പെട്ട എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി വി എസ് ഷാനിന്റെ കുടുംബം. രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസിന് കാരണമായ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി മണ്ണഞ്ചേരി സ്വദേശി അഡ്വ. കെ.എസ്.ഷാനെ വെട്ടിക്കൊന്ന കേസില്‍ വര്‍ഷം രണ്ടു കഴിഞ്ഞിട്ടും വിചാരണയായില്ല. രണ്‍ജിത്ത് വധക്കേസില്‍ കുറ്റവാളികള്‍ക്ക് വധശിക്ഷ ലഭിച്ചപ്പോള്‍ ഷാന്‍ വധക്കേസിലെ പ്രതികള്‍ ജാമ്യത്തില്‍ പുറത്താണ്.
ക്രൂരമായ കൊലപാതകമാണ് നടന്നത്. കേസ് ഇഴഞ്ഞു നീങ്ങുകയാണ്.ഷാന്‍ കൊല്ലപ്പെട്ടില്ലായിരുന്നെങ്കില്‍ രഞ്ജിത്തും കൊല്ലപ്പെടില്ലായിരുന്നു. രണ്ട് കുടുംബങ്ങള്‍ക്കും സമാന നഷ്ടങ്ങളാണ് ഉണ്ടായതെന്നും നീതി ലഭിക്കും വരെ പോരാടുമെന്നും ഷാനിന്റെ മാതാപിതാക്കള്‍ പറഞ്ഞു. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരുടെ പിന്‍മാറ്റത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിക്കുന്നു. ഷാനിന്റെ കൊല നടന്ന് 82 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കിയിട്ടും കേസില്‍ ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല.
2021 ഡിസംബര്‍ 18ന് രാത്രിയാണ് എസ് ഡി.പി.ഐ നേതാവ് കെ.എസ് ഷാന്‍ കൊല്ലപ്പെടുന്നത്. 19ന് രാവിലെ ബി.ജെ.പി നേതാവ് രഞ്ജിത്ത്  ശ്രീനിവാസനും കൊല്ലപ്പെട്ടു. ഈ രണ്ട് കേസുകളിലും അന്വേഷണം നടത്തി പ്രതികളെ പിടികൂടിയെങ്കിലും ആദ്യ സംഭവമായ ഷാന്‍ കൊലക്കേസ് ഇഴഞ്ഞു നീങ്ങുകയാണ്. കുറ്റപത്രം സമര്‍പ്പിച്ചിട്ട് രണ്ട് വര്‍ഷം പിന്നിട്ടു. കേസ് നടത്തിപ്പില്‍ വ്യാപക പരാതി ഉയര്‍ന്നതോടെയാണ് ഏതാനും ദിവസം മുമ്പ് തൃശൂര്‍ സ്വദേശിയും പ്രമുഖ അഭിഭാഷകനുമായ പി.പി ഹാരിസിനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചത്.
ഷാന്‍ വധക്കേസില്‍ ബി.ജെ.പി -ആര്‍.എസ്.എസ് പ്രവര്‍ത്തകരായ മണ്ണഞ്ചേരി സ്വദേശി രാജേന്ദ്രപ്രസാദ്, അവലൂക്കുന്ന് സ്വദേശി വിഷ്ണു, കാട്ടൂര്‍സ്വദേശി അഭിമന്യു,പൊന്നാട് സ്വദേശി സനന്ദ് , ആര്യാട് വടക്ക് സ്വദേശി അതുല്‍, കോമളപുരംസ്വദേശി ധനീഷ്, മണ്ണഞ്ചേരിസ്വദേശി ശ്രീരാജ്, പൊന്നാട് സ്വദേശി പ്രണവ്, കൊല്ലം ക്ലാപ്പന സ്വദേശി ശ്രീനാഥ്, കൊക്കോതമംഗലം സ്വദേശി മുരുകേശന്‍, കാട്ടൂര്‍സ്വദേശി രതീഷ് എന്നീ 11 പേരാണ് പ്രതികള്‍. കുറ്റപത്രം സമര്‍പ്പിച്ചശേഷമാണ് ശ്രീനാഥും മുരുകേശനും അറസ്റ്റിലായത്. കുറ്റപത്രം സമര്‍പ്പിക്കുന്നതിലും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിലും വിചാരണ നടപടികളിലുമുണ്ടായ കാലതാമസം കാരണം പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
അടുത്ത മാസം രണ്ടിന് ആലപ്പുഴ സെഷന്‍സ് കോടതി കേസ് പരിഗണിക്കാനിരിക്കെ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സമര്‍പ്പിച്ച കുറ്റപത്രം മടക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുകയാണ്. ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിക്ക് കുറ്റപത്രം സമര്‍പ്പിക്കാന്‍ അധികാരമില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. നിയമ ബിരുദധാരിയും സജീവ എസ്.ഡി.പി.ഐ പ്രവര്‍ത്തകനും ആലപ്പുഴ നിയമസഭാ നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥിയുമായിരുന്ന ഷാനെ ബൈക്കില്‍ വീട്ടിലേക്ക് പോകുമ്പോള്‍ സംഘം വെട്ടിവീഴ്ത്തുകയായിരുന്നു. 
2024 January 31KeralaResponse.Parents of Adv. ShanWho killed by RSS workers ഓണ്‍ലൈന്‍ ഡെസ്‌ക്‌title_en: Response of Adv. Shan, who killed by RSS workers

By admin

Leave a Reply

Your email address will not be published. Required fields are marked *