ഭോപ്പാല്‍- സബ് ഡിവിഷണല്‍ മജിസ്ട്രേട്ടായ ഭാര്യ തന്റെ പേര് നോമിനിയുടെ സ്ഥാനത്ത് നല്‍കാത്ത വൈരാഗ്യത്തെ തുടര്‍ന്ന് ഭര്‍ത്താവ് കൊലപ്പെടുത്തി. ഭാര്യയുടെ മരണത്തെ കുറിച്ച് വ്യത്യസ്ത കഥകള്‍ പറഞ്ഞ് അന്വേഷണം വഴിതിരിച്ചു വിടാനും ശ്രമിച്ചു. എന്നാല്‍ പോലീസിന്റെ മികച്ച ഇടപെടല്‍ അയാളെ ജയിലിലെത്തിച്ചു.
ദിണ്ഡോരി ജില്ലയിലെ ഷാഹ്പുര സബ് ഡിവിഷണല്‍ മജിസ്ട്രേട്ടായ നിഷ നാപിതാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മനീഷ് ശര്‍മയാണ് അറസ്റ്റിലായത്. ഞായറാഴ്ചയാണ് സംഭവം.
തൊഴില്‍ രഹിതനായ മനീഷ് ശര്‍മയുമായി 2020ലാണ് നിഷ നാപിത് വിവാഹിതയായത്. എന്നാല്‍ അവരുടെ സര്‍വീസ് ബുക്കിലും ഇന്‍ഷുറന്‍സിലും ബാങ്ക് അക്കൗണ്ടിലും നോമിനിയുടെ സ്ഥാനത്ത് തന്റെ പേര് നല്‍കാത്തതില്‍ മനീഷിന് ദേഷ്യമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലെത്തിച്ചത്.
നിഷയെ തലയിണകൊണ്ട് മര്‍ദ്ദിക്കുകയും ശ്വാസംമുട്ടിക്കുകയും ചെയ്ത് കൊലപ്പെടുത്തിയ മനീഷ് തെളിവുകളെല്ലാം നശിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കൊലപാതകം നടത്തിയപ്പോള്‍ നിഷയുടെ രക്തം പുരണ്ട വസ്ത്രങ്ങള്‍ കഴുകിയെങ്കിലും വീട്ടിലെ വാഷിംഗ് മെഷീനില്‍ നിന്ന് തലയണ കവറും ബെഡ്ഷീറ്റും പോലീസ് കണ്ടെടുത്തു.
നിഷ നാപിത്തിന് അസുഖമൊന്നും ഉണ്ടായിരുന്നില്ലെന്നും മനീഷ് ശര്‍മ കൊലപ്പെടുത്തിയതാണെന്നുമുള്ള ആരോപണവുമായി സഹോദരി നീലിമ നാപിത്ത് രംഗത്തെത്തിയിരുന്നു. നിഷയെ മനീഷ് നിരന്തരം ഉപദ്രവിച്ചിരുന്നതായും അവര്‍ പറഞ്ഞു. പണത്തിനു വേണ്ടി നിഷയെ നിരന്തരം പീഡിപ്പിച്ചിരുന്നതായും തന്റെ സഹോദരിക്ക് അസുഖമൊന്നും ഉണ്ടായിരുന്നില്ലെന്നും നിഷയുടെ മുറിയില്‍ പ്രവേശിക്കാന്‍ വീട്ടുകാരെ പോലും അനുവദിച്ചില്ലെന്നും അവര്‍ ആരോപിച്ചു.
മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് നിഷയും മനീഷും 2020ല്‍ വിവാഹിതരായത്. എന്നാല്‍ വീട്ടുകാര്‍ ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്നും വളരെ വൈകി മാത്രമാണ് തങ്ങള്‍ കാര്യങ്ങള്‍ മനസ്സിലാക്കിയതെന്നും നീലിമ വിശദമാക്കി.
ഞായറാഴ്ച വൈകിട്ടാണ് മനീഷ് നിഷയെ ആശുപത്രിയില്‍ എത്തിച്ചത്. യുവതിയുടെ മരണത്തില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പോലീസിനെ വിളിക്കുകയായിരുന്നു.
തന്റെ ഭാര്യയുടേത് സാധാരണ മരണമായിരുന്നുവെന്ന് ചിത്രീകരിക്കാന്‍ മനീഷ് ശര്‍മ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. വൃക്ക രോഗിയാണ് നിഷയെന്നും ശനിയാഴ്ച ഉപവാസം അനുഷ്ഠിച്ചിരുന്നുവെന്നും രാത്രി ഛര്‍ദ്ദിക്കുകയും മരുന്ന് കഴിക്കുകയും ചെയ്തതായും മനീഷ് പോലീസിനോട് പറഞ്ഞു. ഞായറാഴ്ച രാവിലെ 10 മണിക്ക് വീട്ടുവേലക്കാരി വന്നതോടെ താന്‍ നടക്കാന്‍ പോയിരുന്നെന്നും ഉച്ചക്ക് രണ്ട് മണിക്ക് തിരിച്ചെത്തിയപ്പോഴും ഉണരാതിരുന്ന ഭാര്യയ്ക്ക് സി. പി. ആര് നല്‍കിയെന്നും തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചെന്നുമാണ് മനീഷ് മൊഴി നല്‍കിയത്.
എന്നാല്‍ ഡോക്ടര്‍മാരുടെ പരിശോധനയും തുടര്‍ന്ന നടത്തിയ പോസ്റ്റ്മോര്‍ട്ടവും മനീഷിനെതിരെ തെളിവായതോടെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
24 മണിക്കൂറിനുള്ളില്‍ കേസ് തെളിയിച്ച അന്വേഷണ സംഘത്തെ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ (ഡിഐജി) മുകേഷ് ശ്രീവാസ്തവ അഭിനന്ദിക്കുകയും 20,000 രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു.
2024 January 29IndiaSub Divisional Magistrateഓണ്‍ലൈന്‍ ഡെസ്ക്title_en: Sub-Divisional Magistrate wife murdered by unemployed husband