തിരുവനന്തപുരം: സംസ്ഥാനത്തെ തൊഴിൽ മേഖലകളുടെ തകർച്ചക്കും തൊഴിലാളികൾ അനുഭവിക്കുന്ന സമാനതകളില്ലാത്ത ദുരിതങ്ങൾക്കും പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എസ്.ടി.യു സംസ്ഥാന കമ്മിറ്റി നടത്തുന്ന കാമ്പയിൻ്റെ തുടർച്ചയായി തയ്യാറാക്കിയ അവകാശപത്രിക സംസ്ഥാന സർക്കാരിന് സമർപ്പിച്ചു. 
തൊഴിലാളി ക്ഷേമ ബോർഡുകളെ തകർച്ചയിൽ നിന്ന് കരകയറ്റി പെൻഷനും ആനുകൂല്യങ്ങളും കാലോചിതമായി വർദ്ധിപ്പിച്ച് കൃത്യ സമയത്ത് നൽകുക, മിനിമം വേതനം വർദ്ധിപ്പിച്ച് എല്ലാ വിഭാഗം തൊഴിലാളികൾക്കും ലഭിക്കുമെന്ന് ഉറപ്പ് വരുത്തുക, അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് പ്രത്യേക ഇൻഷൂറൻസ് പദ്ധതി നടപ്പിലാക്കുക, കുടുംബിനികൾ ഉൾപ്പടെയുള്ള സ്ത്രീ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ പ്രത്യേകം വർദ്ധിപ്പിക്കുക, സ്കീം വർക്കർമാരെ ജീവനക്കാരായി അംഗീകരിച്ച് വേതനം വർദ്ധിപ്പിക്കുക, പൊതുമേഖലയെ സംരക്ഷിക്കുക, താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, നിർമ്മാണം, ചുമട്ട്, മോട്ടോർ ,തൊഴിലുറപ്പ് – കുടുംബശ്രീ, മത്സ്യ ബന്ധന – അനുബന്ധ മേഖലകൾ തുടങ്ങിയ സംസ്ഥാനത്തെ മുഴുവൻ തൊഴിൽ മേഖലകളിലെയും പ്രശ്നങ്ങളും പരിഹാരമാർഗ്ഗങ്ങളും സമഗ്രമായി പ്രതിപാദിക്കുന്ന അവകാശപത്രിക മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയുമായി ചർച്ച നടത്തിയതിന് ശേഷമാണ്  നേതാക്കൾ സർക്കാരിന് നൽകിയത്. 
ഒക്ടോബർ 21 മുതൽ നവമ്പർ രണ്ട് വരെ നടത്തിയ സമര സന്ദേശയാത്രയുടെയും തുടർന്ന് ജനുവരി 10 മുതൽ 12 വരെ സെക്രട്ടേറിയറ്റിന് മുൻപിൽ നടത്തിയ സമരസംഗമത്തിൻ്റെയും തുടർച്ചയായി തയ്യാറാക്കിയ അവകാശപത്രിക തൊഴിൽ വകുപ്പ് മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവർക്ക് നേരിട്ട് നൽകി. പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, എസ്.ടി.യു സംസ്ഥാന പ്രസിഡണ്ട്  അഡ്വ.എം.റഹ്മത്തുള്ള, ട്രഷറർ കെ.പി.മുഹമ്മദ് അഷ്റഫ് ,വൈസ് പ്രസിഡണ്ട് ജി. മാഹിൻ അബൂബക്കർ എന്നിവർ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *