വായനയുടെ ജൂൺ ചില്ലയിൽ വൈവിദ്ധ്യങ്ങൾ വിരിഞ്ഞപ്പോൾ 

റിയാദ്: “ചില്ല” പ്രതിമാസ വായനയുടെ ജൂൺ ലക്കം പുതുതലമുറയുടെ വായനയിലെ വൈവിദ്ധ്യം, വിശകലനരീതി എന്നിവ കൊണ്ട് അർത്ഥവത്തായി. ഡാനിഷ് തത്വചിന്തകൻ സോറൻ കിർക്കെഗാഡിന്റെ “ഫിയർ ആൻഡ് ട്രംമ്പ്ലിങ്” എന്ന പുസ്തകത്തിന്റെ വായനാനുഭവം പങ്കുവെച്ച് കൊണ്ട് അഖിൽ ‘എന്റെ വായന’ക്ക് തുടക്കം കുറിച്ചു. മനുഷ്യജീവിതത്തിന്റെ അടിസ്ഥാന ബോധത്തിലും ചിന്തയിലും വലിയ പൊളിച്ചെഴുത്ത് നടത്തിയ കിർകെഗാഡ് വിശ്വാസത്തിന്റെ മനഃശാസ്ത്രപരമായ അപഗ്രഥനം നടത്തുകയാണ് ഈ കൃതിയിൽ എന്ന് അഖിൽ അഭിപ്രായപ്പെട്ടു.

വിഖ്യാത പത്രപ്രവർത്തക അനിത പ്രതാപിന്റെ “ഐലൻഡ് ഓഫ് ബ്ലഡ്‌”ന്റെ വായനാനുഭവം സ്നിഗ്ദ്ധ വിപിൻ പങ്കു വെച്ചു. ശ്രീലങ്കയിലോ, അഫ്ഗാനിസ്ഥാനിലോ ആകട്ടെ യുദ്ധവും ആഭ്യന്തരകലാപവുമെല്ലാം ആദ്യം ബാധിക്കുക ആ പ്രദേശത്തെ കുട്ടികളെയും സ്ത്രീകളെയും ദാരിദ്രരായ മനുഷ്യരെയുമായിരുക്കുമെന്നാണ് ഈ പുസ്തക വായനയിലൂടെ തനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞതെന്ന് സ്നിഗ്ദ്ധ പറഞ്ഞു.
റിയാദിൽ സ്കൂൾ വിദ്യാർത്ഥിയായ ഹാദിഖ് ജബ്ബാർ എഴുതിയ “മ” എന്ന ചെറുകഥാ സമാഹാരത്തിന്റെ വായനാനുഭവം അൻസാർ അബ്ദുൽ സത്താർ പങ്കു വെച്ചു.
ശിഹാബുദ്ധീൻ പൊയ്ത്തുംകടവിന്റെ സോഷ്യോ ഹൊറർ നോവൽ “ബ്രഹ്മരക്ഷസി”ന്റെ വായനാനുഭവം അവതരിപ്പിച്ചത് കൊമ്പൻ മൂസയാണ്. കോർപറേറ്റുകൾ നടത്തുന്ന പുത്തൻ അധിനിവേശങ്ങൾ ഇരകളെ വലയിട്ടു പിടിക്കാൻ ബ്രഹ്മരക്ഷസ്സ് എന്ന മിത്തിനെ വരെ ആയുധമാക്കുന്ന കൗതുകകരമായ അനുഭവമാണ് തന്റെ നോവലിലൂടെ ശിഹാബുദ്ധീൻ പറയുന്നതെന്ന് മൂസ അഭിപ്രായപ്പെട്ടു.

നമുക്ക് പ്രിയപ്പെട്ടതായതുകൊണ്ട് ശരിയാണെന്ന് നാം ഉറച്ച് വിശ്വസിക്കുന്ന ധാരണകളെ ചോദ്യം ചെയ്യാനും തിരുത്താനും പ്രേരിപ്പിക്കുന്ന പുസ്തകമാണ് മൈത്രേയന്റെ “മനുഷ്യരറിയാൻ” എന്ന് അതിന്റെ വായനാനുഭവം പങ്കു വെച്ചുകൊണ്ട് ശിഹാബ് കുഞ്ചിസ് പറഞ്ഞു.
ബീന, വിപിൻ, സമീർ, ബഷീർ കാഞ്ഞിരപ്പുഴ, വിനോദ് കുമാർ മലയിൽ, സുനിൽ, വിദ്യ വിപിൻ, റജുല, മനാഫ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ടി. ആർ. സുബ്രമണ്യൻ പുസ്തകാവതരണങ്ങളെയും, ചർച്ചകളെയും അവലോകനം ചെയ്തു. നാസർ കാരകുന്ന് പരിപാടിയുടെ മോഡറേറ്ററായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *