ഡൽഹി: സഖ്യസാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയിൽ ആവശ്യം. മഹാരാഷ്ട്ര, രാജസ്ഥാൻ ഘടകങ്ങളാണ് ആവശ്യം ഉന്നയിച്ചത്.
ശക്തികേന്ദ്രങ്ങളിൽ പോലും ഒറ്റയ്ക്ക് ജയിക്കാനാകാത്ത സ്ഥിതിയാണ്. ബിജെപി വിരുദ്ധ സഖ്യമുണ്ടാക്കി പരമാവധി സീറ്റ് നേടാൻ ശ്രമിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
ഓരോ സംസ്ഥാനത്തെയും രാഷ്ട്രീയ സ്ഥിതിഗതികളും തെരഞ്ഞെടുപ്പു സംവിധാനവും കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്തു. പാര്‍ട്ടിക്കും പ്രതിപക്ഷ കക്ഷികള്‍ക്കും സ്വാധീനമുള്ള മേഖലകളില്‍ സീറ്റുകൾ നേടാന്‍ പരമാവധി വിട്ടുവീഴ്ചകള്‍ വേണം, ചര്‍ച്ചകള്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കണം.
നിലവിലെ സാഹചര്യത്തില്‍ കേരളത്തില്‍നിന്നും പരമാധി സീറ്റുകള്‍ നേടിയാല്‍ മാത്രമേ ദേശീയ തലത്തില്‍ പാര്‍ട്ടിക്കു പിടിച്ചു നില്‍ക്കാനാവൂ. ഇത് ഉള്‍ക്കൊണ്ടു കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കേരളത്തിലെ പാര്‍ട്ടി ശ്രദ്ധിക്കണം.
തമിഴ്നാട്ടിലെ ചില സീറ്റുകളില്‍ ഡിഎംകെയുമായി സഖ്യത്തിലായാല്‍ വിജയിക്കാനാകും. ബംഗാളിലും ത്രിപുരയിലും സീറ്റുകള്‍ നേടണം. ഇതിനായി പ്രത്യേക തെരഞ്ഞെടുപ്പ് പരിപാടി ആവിഷ്കരിക്കണമെന്നും യോഗം വിലയിരുത്തി.