കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം റൺവേയുടെ നീളം വീണ്ടും കുറയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മലബാർ ഡെവലപ്മെന്റ് കൗൺസിൽ ആവശ്യപ്പെട്ടു. 2860 മീറ്റർ ദൈർഘ്യം ഉണ്ടായിരുന്ന കരിപ്പുർ റൺവേ വർഷങ്ങൾക്കു മുമ്പ് 150 മീറ്റർ വെട്ടിക്കുറച്ചതാണ്. ഇമാസ് (എൻജിനീയർഡ് മെറ്റീരിയൽ അറസ്റ്റിംഗ് സിസ്റ്റം) ആണ് കരിപ്പൂർ വിമാനത്താവളത്തിൽ പ്രായോഗികം.
ഭൂമി ഏറ്റെടുക്കൽ അനന്തമായി നീളുന്ന സാഹചര്യത്തിൽ കരിപ്പൂരിൽ ഈ സംവിധാനം ഏർപ്പെടുത്തി വലിയ വിമാന സർവീസ് ഉൾപ്പെടെ കൂടുതൽ ദേശീയ -അന്തർദേശീയ സർവീസുകൾ ആരംഭിച്ച് മിതമായ നിരക്കിൽ യാത്രക്കും, കാർഗോ കയറ്റുമതിക്കും ഇറക്കുമതിക്കും സാഹചര്യം സൃഷ്ടിക്കണമെന്നും മലബാർ കൗൺസിൽ പ്രസിഡണ്ടും വിമാനത്താവള ഉപദേശകസമിതി മുൻ അംഗവുമായ ഷെവലിയാർ സി. ഇ. ചാക്കുണ്ണി, ജനറൽ സെക്രട്ടറി അഡ്വ. എം കെ അയ്യപ്പൻ, മലബാർ ഇന്റർനാഷണൽ എയർപോർട്ട് കമ്മിറ്റി ജനറൽ കൺവീനർ കെ. എൻ. ചന്ദ്രൻ എന്നിവർ കേന്ദ്ര-സംസ്ഥാന സർക്കാരുകളോടും, എയർപോർട്ട് അതോറിറ്റി യോടും അഭ്യർത്ഥിച്ചു.
ലോകത്തിലെ 125 വിമാനത്താവളങ്ങൾ ‘ഇമാസ്’ വിജയകരമായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. 1996 മുതൽ ന്യൂയോർക്ക് കെന്നഡി വിമാനത്താവളത്തിൽ ഈ സംവിധാനമാണത്രേ. കുറഞ്ഞ സ്ഥലത്തും കൂടുതൽ സുരക്ഷ ഉറപ്പുവരുത്തുന്ന ഈ സംവിധാനമാണ് കരിപ്പൂരിനും അനുയോജ്യം.
2008 ൽ കരിപ്പൂരിൽ ഇത് സ്ഥാപിക്കാനുള്ള നീക്കം സാമ്പത്തിക പ്രശ്നം ചൂണ്ടിക്കാട്ടിയാണ് മാറ്റിവെച്ചത്. 2020 ആഗസ്റ്റ് 7 നാണ് കോഴിക്കോട് വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് അപകടം സംഭവിച്ചത്. തന്മൂലം നിർത്തിവച്ചിരുന്ന വലിയ വിമാന സർവീസ് എത്രയും വേഗം പുനരാരംഭിക്കുന്നതിന് പൊതുപ്രവർത്തകനായ ഒരു മെക്കാനിക്കൽ എന്ജിനീയർ 16.9.2020 ന് സുപ്രീംകോടതിയിൽ ഹരജി നൽകിയതിന്മേൽ ബഹു സുപ്രീം കോടതി വ്യോമയാന മന്ത്രാലയത്തിനും, ഡിജിസിഎ ക്കും നോട്ടീസ് നൽകിയിരുന്നതാണ്.
