ഗാസ: ഹമാസിനും അവരെ പിന്തുണയ്ക്കുന്ന ദക്ഷിണാഫ്രിക്കയും എതിരെ വിമർശനവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസിനെ നവ നാസികൾ എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് നെതന്യാഹു രംഗത്തെത്തിയത്.  
ഇസ്രായേലിനെതിരായ ദക്ഷിണാഫ്രിക്കയുടെ വംശഹത്യ വാദത്തിന് അംഗീകാരം നൽകുന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിയേയും അദ്ദേഹം വിമർശിച്ചു. അന്താരാഷ്ട്ര ഹോളോകോസ്റ്റ് അനുസ്മരണ ദിനത്തിൽ സംസാരിച്ച നെതന്യാഹു അഡോൾഫ് ഹിറ്റ്ലറുടെ മെയിൻ കാംഫിൻ്റെ അറബി ഭാഷയിലുള്ള പകർപ്പും ഉയർത്തിക്കാട്ടി.
പുതിയ നാസികൾക്ക് ഇപ്പോൾ ദക്ഷിണാഫ്രിക്കയിൽ നിന്ന് സഹായം ലഭിക്കുന്നുവെന്നും നെതന്യാഹു പറഞ്ഞു. ഈ പരിഹാസ്യമായ അവകാശവാദം ചർച്ച ചെയ്യാൻ ഹേഗ് പോലും സമയം കണ്ടെത്തി എന്നുള്ളത് അത്ഭുതമുണ്ടാക്കുന്നുവെന്നും അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ തീരുമാനത്തെ പരാമർശിച്ച് ടെൽ അവിയിൽ ഒരു പത്രസമ്മേളനത്തിൽ നെതന്യാഹു പറഞ്ഞു. പലരും ഹോളോകോസ്റ്റിൽ നിന്ന് ഒന്നും പഠിച്ചിട്ടില്ലെന്ന് വ്യക്തമാക്കുകയാണെന്നും ഇസ്രായേൽ പ്രധാനമന്ത്രി പറഞ്ഞു.
വംശഹത്യ തടയുന്നതിന് നടപടിയെടുക്കണമെന്ന് വെള്ളിയാഴ്ച ലോക കോടതി ഇസ്രായേലിനോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ ഉടൻ വെടിനിർത്തൽ വേണമെന്ന കാര്യത്തിൽ കോടതി പരാമർശങ്ങളൊന്നും നടത്തിയില്ല.
തങ്ങളുടെ സൈന്യം വംശഹത്യ നടത്തിയിട്ടില്ലെന്ന് ഇസ്രായേൽ ഉറപ്പാക്കണമെന്നും ഗാസയിലെ പലസ്തീൻ സിവിലിയൻമാരുടെ മാനുഷിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ കൈക്കൊള്ളണമെന്നും ദക്ഷിണാഫ്രിക്കയുടെ ഹർജി പരിഗണിക്കുന്ന വേളയിൽ കോടതി ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നു. 

By admin

Leave a Reply

Your email address will not be published. Required fields are marked *