ബുലവായൊ – സിംബാബ്‌വെയും ഒമാനും തമ്മിലുള്ള മത്സരത്തോടെ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ ടൂര്‍ണമെന്റില്‍ സൂപ്പര്‍ സിക്‌സിന് ഇന്ന് തുടക്കം. ഒമാനെ തോല്‍പിച്ചാല്‍ സിംബാബ്‌വെ ലോകകപ്പിന്റെ പടിവാതില്‍ക്കലെത്തും. നാളെ നെതര്‍ലാന്റ്‌സിനെ കീഴടക്കിയാല്‍ ശ്രീലങ്കക്കും ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ സ്ഥാനം നേടാന്‍ വഴി തെളിയും. ആദ്യ രണ്ടു തവണ ചാമ്പ്യന്മാരായ വെസ്റ്റിന്‍ഡീസ് ദുരന്തമുഖത്താണ്. സൂപ്പര്‍ സിക്‌സില്‍ സിംബാബ്‌വെക്കും ശ്രീലങ്കക്കും നാല് പോയന്റ് വീതമുണ്ട്. ഗ്രൂപ്പില്‍ നിന്ന് ഒപ്പം സൂപ്പര്‍ സിക്‌സിലെത്തിയ രണ്ടു ടീമുകള്‍ക്കെതിരെയും ജയിച്ചതിനാലാണ് ഇത്. സ്‌കോട്‌ലന്റിനും  നെതര്‍ലാന്റ്‌സിനും രണ്ട് പോയന്റ് വീതവും. വിന്‍ഡീസിനും ഒമാനും പോയന്റില്ല. 
സൂപ്പര്‍ സിക്‌സില്‍ ഓരോ ടീമിനും മൂന്നു കളികളാണുള്ളത്. സിംബാബ്‌വെയും ശ്രീലങ്കയും അതില്‍ രണ്ടു കളികളെങ്കിലും തോറ്റാലേ വിന്‍ഡീസിന് സാധ്യതയുള്ളൂ. ഒപ്പം മൂന്നു കളികളും വിന്‍ഡീസ് ജയിക്കുകയും വേണം. 
ഇപ്പോഴത്തെ നിലവാരത്തിലുള്ള ബൗളിംഗും ബാറ്റിംഗും ഫീല്‍ഡിംഗും വെച്ച് വെസ്റ്റിന്‍ഡീസ് ലോകകപ്പ് കളിക്കാന്‍ യാതൊരു സാധ്യതയുമില്ല. മൂന്നു കളികളും ജയിച്ചാല്‍ പോലും മറ്റു ഫലങ്ങളെ ആശ്രയിച്ചിരിക്കുന്നു അവരുടെ ഭാവി. കാരണം ശ്രീലങ്കയും സിംബാബ്‌വെയും രണ്ടു കളികളെങ്കിലും ജയിക്കുകയാണെങ്കില്‍ വെസ്റ്റിന്‍ഡീസ് പുറത്താവും. ശ്രീലങ്കയും സിംബാബ്‌വെയും രണ്ടു കളികളും തോല്‍ക്കുകയാണെങ്കില്‍ തന്നെ നെറ്റ് റണ്‍റെയ്റ്റ് പരിഗണനയില്‍ വരും. ഇപ്പോഴത്തെ അവസ്ഥയില്‍ വിന്‍ഡീസിനെക്കാളും ഒരുപാട് മുന്നിലാണ് രണ്ടു ടീമുകളും. സിംബാബ്‌വെക്ക് 2.241, ശ്രീലങ്കക്ക് 3.047, വിന്‍ഡീസിന് 0.525.
വെസ്റ്റിന്‍ഡീസിന്റെ യഥാര്‍ഥ നിലവാരമാണ് ഈ ഫലങ്ങളെന്ന് കോച്ച് ഡാരന്‍ സാമി പറഞ്ഞു. വരാനിരിക്കുന്ന വെല്ലുവിളികളെക്കുറിച്ച് ബോധവാനാണ്. ചിലപ്പോള്‍ ആഴങ്ങളിലേക്ക് പതിച്ചാലേ തിരിച്ചുവരവ് സാധ്യമാവൂ. ഒരു രാത്രി കൊണ്ട് കാര്യങ്ങള്‍ മാറിമറിയില്ലെന്ന് ബോധ്യമുണ്ടായിരുന്നു -വിന്‍ഡീസിനെ രണ്ടു തവണ ട്വന്റി20 ലോകകപ്പ് വിജയത്തിലേക്ക് നയിച്ച സാമി പറഞ്ഞു. 
വെസ്റ്റിന്‍ഡീസിന്റെ ഭാവി അറിയാന്‍ ടൂര്‍ണമെന്റ് തീരും വരെ കാത്തിരിക്കേണ്ടി വരില്ല. ശനിയാഴ്ച സ്‌കോട്‌ലന്റിനോട് തോല്‍ക്കുകയാണെങ്കില്‍ അവരുടെ വഴിയടയും. 1975 ലെയും 1979 ലെയും 1983  ലെ ഫൈനലിസ്റ്റുകളുമായ വിന്‍ഡീസിന് 2023 ല്‍ മത്സരിക്കാന്‍ പോലും അര്‍ഹത ലഭിക്കാത്ത അവസ്ഥയിലാണ് കാര്യങ്ങളുടെ കിടപ്പ്. 
സിംബാബ്‌വെ സ്വന്തം മണ്ണില്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. അമേരിക്കക്കെതിരെ ആറിന് 408 റണ്‍സ് അടിച്ചെടുക്കുകയും 304 റണ്‍സിന് വിജയിക്കുകയും ചെയ്തു. ക്യാപ്റ്റന്‍ ഷോണ്‍ വില്യംസ്, ക്രയ്ഗ് ഇവാന്‍സ്, സിഖന്ദര്‍ റാസ എന്നിവരൊക്കെ സെഞ്ചുറി നേടി. റാസ എട്ടു വിക്കറ്റുമെടുത്ത് ഓള്‍റൗണ്ട് പ്രകടനമാണ് പുറത്തെടുത്തത്. 1996 ലെ ലോക ചാമ്പ്യന്മാരായ ശ്രീലങ്കയെ 18 വിക്കറ്റെടുത്ത വണീന്ദു ഹസരംഗയാണ് നയിക്കുന്നത്. 
2023 June 28Kalikkalamtitle_en: Zimbabwe, Sri Lanka target World Cup with West Indies in danger

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed