തൃശൂർ-സ്വർണാഭരണ നിർമാണ ശാലയിലെ ജീവനക്കാരനും സംഘവും 55 ലക്ഷം രൂപയുടെ സ്വർണം കവർന്നു. സംഭവത്തിൽ മൂന്നുപേർ വെസ്റ്റ് പോലീസിന്റെ പിടിയിലായി. ജീവനക്കാരനായ കാണിപ്പയ്യൂർ ചാങ്കര വീട്ടിൽ അജിത്ത് കുമാർ (52), ചാങ്കരവീട്ടിൽ മുകേഷ് കുമാർ(51), ചിറ്റന്നൂർ വർഗ്ഗീസ് (52) എന്നിവരാണ് അറസ്റ്റിലായത്. അജിത്ത് കുമാറും മുകേഷും സഹോദരങ്ങളാണ്.
മുണ്ടൂരിലെ സ്വർണാഭരണ നിർമാണശാലയിൽനിന്നുള്ള 1028.85ഗ്രാം സ്വർണാഭരണങ്ങളാണ് കവർന്നത്. ചൊവ്വാഴ്ച രാത്രി 7.45ന് ആയിരുന്നു സംഭവം. ആഭരങ്ങൾ പുത്തൂരിലേക്കുള്ള മറ്റൊരു സ്ഥാപനത്തിലേക്കു കൊണ്ടുപോകുമ്പോഴായിരുന്നു സംഭവം. അജിത് കുമാർ അറിയിച്ചതനുസരിച്ച് സഹോദരൻ മുകേഷം കൂട്ടാളികളും കാറിൽ എത്തുകയായിരുന്നു. കാറിൽ വന്ന മൂന്നംഗസംഘം ചുങ്കത്തിനടുത്തുവെച്ച് സ്‌കൂട്ടർ തടഞ്ഞ് ബലമായി കാറിൽ കയറ്റി കൊണ്ടുപോകുകയും പാലക്കാട്ടുവെച്ച് സ്വർണവും മൊബൈൽഫോണും തട്ടിയെടുത്ത് അവിടെ ഇറക്കിവിടുകയും ചെയ്തുവെന്നാണ് അജിത്കുമാർ സ്ഥാപനം ഉടമയെ വിളിച്ച് അറിയിച്ചത്.
പോലീസ് നടത്തിയ അന്വേഷണത്തിൽ നാടകം പൊളിയുകയായിരുന്നു. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.
വെസ്റ്റ് എസ്.ച്ച് ഒ. ടി.പി.ഫർഷാദ്, എസ്.ഐ.വിജയൻ, സി.പി.ഒ.മാരായ സുഫീർ, ജോവിൻസ്, ചന്ദ്രപ്രകാശ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
2023 June 28Keralaarrestgoldtitle_en: Gold robbery three arrested