തെരഞ്ഞെടുപ്പിന് മുമ്പായുള്ള ബജറ്റായതിനാല്‍ വോട്ട് പിടിക്കാനായി ജനങ്ങള്‍ പ്രതീക്ഷിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങളായിരിക്കുമോ എന്നുള്ള പ്രതീക്ഷയിലാണ് രാജ്യം. ഏപ്രില്‍-മെയ് മാസങ്ങളില്‍ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന ബജറ്റായതിനാല്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ബജറ്റുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിവിധ മേഖലകള്‍.
ആരോഗ്യമേഖലയെ സംബന്ധിക്കുന്ന നിര്‍ണായക പ്രഖ്യാപനങ്ങളുണ്ടാകാമെന്ന് സൂചനയുണ്ട്. ആരോഗ്യ സംരക്ഷണരംഗത്തെ സര്‍ക്കാര്‍ വിഹിതം ഇപ്പോള്‍ ജി.ഡി.പിയുടെ 1.8 ശതമാനമാണ്. ആഗോള ശരാശരിയായ ആറു ശതമാനത്തില്‍ വളരെ താഴെയാണിത്. ജി.ഡി.പിയുടെ 2.5 ശതമാനം എങ്കിലുമായി ഈ വിഹിതം ഉയര്‍ത്താന്‍ ശുപാര്‍ശയുണ്ട്.
ആയുഷ്മാന്‍ ഭാരത് ആരോഗ്യ പദ്ധതിക്ക് കീഴിലുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ നിലവിലെ അഞ്ചു ലക്ഷം രൂപയില്‍ നിന്ന് ഇരട്ടിയായി ഉയര്‍ത്താനുള്ള സാധ്യതകളുണ്ട്. ക്യാന്‍സര്‍, അവയവമാറ്റം ആവശ്യമായ രോഗങ്ങള്‍ തുടങ്ങിയവയ്ക്ക് കൂടുതല്‍ സാമ്പത്തിക സഹായം ആവശ്യമായി വരുന്നതിനാല്‍ ഇത് പരിഗണിച്ചേക്കും.
റോഡുകള്‍ക്കും റെയില്വേക്കുമായുള്ള വിഹിതം തുടരുമെന്നാണ് പ്രതീക്ഷ. റെയില്‍വേ വിഹിതത്തില്‍ ഇപ്പോള്‍ കാര്യമായ വര്‍ധനയുണ്ട്. റെയില്‍വേ വിഹിതം 2024 സാമ്പത്തിക വര്‍ഷത്തില്‍ 40 ശതമാനം വര്‍ധിച്ചിട്ടുണ്ട്. ഗാമീണ, കാര്‍ഷിക മേഖലകള്‍ക്കായുള്ള വിഹിതം ഉയര്‍ത്തിയേക്കും.
പി.എം. കിസാന്‍ സ്കീമിന് കീഴിലുള്ള തുക ഉയര്‍ത്തുമോ എന്നതില്‍ കര്‍ഷകര്‍ക്ക് പ്രതീക്ഷയുണ്ട്. 2025 സാമ്പത്തിക വര്‍ഷത്തില്‍ പൊതുമേഖലാ കമ്പനികളുടെ ഓഹരി വിറ്റഴിക്കല്‍ ലക്ഷ്യം ഉയര്‍ത്തിയേക്കും. തെരഞ്ഞെടുപ്പിന് ശേഷം ഓഹരി വിറ്റഴിക്കലുകളുടെ വേഗത വര്‍ധിപ്പിച്ചേക്കും. സ്ത്രീകള്‍ക്ക് പിന്തുണ നല്കുന്ന പദ്ധതികളും ഭവന പദ്ധതികള്‍ക്ക് ഉത്തേജനം ലഭിക്കുന്ന ചില പ്രഖ്യാപനങ്ങളുമുണ്ടാകാം. സമ്പൂര്‍ണ ബജറ്റില്‍ ഈ പഖ്യാപനങ്ങളുണ്ടാകുമെന്നാണ് സൂചന.