പ്രത്യുൽപാദന ഹോർമോണുകളുടെ അസന്തുലിതാവസ്ഥയാണ് പിസിഒഎസിന്റെ സവിശേഷത. ഇത് ക്രമരഹിതമായ ആർത്തവചക്രം, അണ്ഡാശയ സിസ്റ്റുകൾ, ഫെർട്ടിലിറ്റിയിലെ ബുദ്ധിമുട്ടുകൾ എന്നിവയിലേക്ക് നയിക്കുന്നു. അമിത രോമവളർച്ച, മുഖക്കുരു, ശരീരഭാരം, ഇൻസുലിൻ പ്രതിരോധം എന്നിവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ.20-29 വയസ്സിനിടയിലുള്ള 16 ശതമാനം സ്ത്രീകളിൽ പിസിഒഎസ് പ്രശ്നം നേരിടുന്നതായി പഠനങ്ങൾ പറയുന്നു.
അനാരോഗ്യകരവും ഉദാസീനവുമായ ജീവിതശൈലി പിസിഒഎസ് ബാധിക്കുന്നതിന് കാരണമാകുന്നു. പിസിഒഎസ് നിയന്ത്രിക്കുന്നതിൽ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും ഉലുവ സഹായിക്കും. ഇതോടൊപ്പം കൊളസ്ട്രോൾ കുറയ്ക്കാനും ഇത് സഹായിക്കുന്നു.
കാൽസ്യത്തിന്റെ സമ്പന്നമായ ഉറവിടമാണ് റാഗി. പിസിഒഎസ് ഉള്ള സ്ത്രീകളിൽ വേദനാജനകമായ മലബന്ധം വളരെ സാധാരണമാണ്. റാഗി ക്രമരഹിതമായ ആർത്തവം, വിവിധ ദഹന പ്രശ്നങ്ങൾ എന്നിവ തടയുന്നു. ബെറികളും ചെറികളും ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്. ഇതിൽ അടങ്ങിയിട്ടുള്ള ആൻറി ഓക്സിഡൻറ് സംയുക്തം വീക്കം ചെറുക്കാനും പിസിഒഎസ് ലക്ഷണങ്ങൾ നിയന്ത്രിക്കാനും സഹായിക്കുന്നു.
ഫോളേറ്റ്, ബി വിറ്റാമിനുകൾ എന്നിവ ധാരാളമായി ഇലക്കറികളിൽ അടങ്ങിയിട്ടുണ്ട്. അവ ഇൻസുലിൻ നിയന്ത്രണം, പ്രത്യുൽപാദനക്ഷമത വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഫ്ളാക്സ് സീഡുകളിൽ നാരുകളും ഒമേഗയും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഫ്ളാക്സ് സീഡുകൾ പതിവായി കഴിക്കുന്നത് ആൻഡ്രോജന്റെ അളവ് കുറയ്ക്കാനും ലിപിഡ് പ്രൊഫൈൽ മെച്ചപ്പെടുത്താനും സഹായിക്കുന്നു.