കോട്ടയം: കേരളത്തിലെ പൊതുസമൂഹം ശ്രീരാമനൊപ്പമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. അയോധ്യയിലെ പ്രാണപ്രതിഷ്ഠാ സമയത്ത് കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഉണ്ടായ തിരക്കും പ്രാണപ്രതിഷ്ഠകാണാനുള്ള ജനങ്ങളുടെ ഒത്തുചേരലുമെല്ലാം അതിന്റെ സൂചനകളാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ അയോധ്യ പ്രാണപ്രതിഷ്ഠാ ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയ സുരേന്ദ്രന്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു. 
പ്രാണപ്രതിഷ്ഠാ ആഘോഷങ്ങളെ കേരളത്തിലെ മതന്യൂനപക്ഷങ്ങളാരും എതിര്‍ത്തില്ല. ക്രിസ്ത്യന്‍-മുസ്ലീം സമൂഹം അയോധ്യക്കെതിരായി ഒന്നും പറഞ്ഞില്ല. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസ്, സിപിഎം മുന്നണികള്‍ ഹൈന്ദവ വിശ്വാസങ്ങള്‍ക്കെതിരെ രംഗത്തുവന്നു. ഹിന്ദുക്കള്‍ക്ക് സന്തോഷിക്കാനുള്ള ചെറിയ അവസരങ്ങളെ പോലും ഇല്ലാതാക്കുന്ന സമീപനമാണ് അവരുടേത്. എന്നാല്‍ ഇവരുടെ അയോധ്യാ വിരുദ്ധനിലപാടിനെ കേരളത്തിലെ പൊതു സമൂഹമാകെ തള്ളിക്കളഞ്ഞു. ഇനിയെങ്കിലും ഇരുമുന്നണികളും ആത്മപരിശോധന നടത്താന്‍ തയ്യാറാകണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
ഭൂരിപക്ഷ സമുദായത്തിന്റെ വോട്ട് വാങ്ങി അധികാരസ്ഥാനങ്ങളിലെത്തിയവരാണ് ഹിന്ദുക്കളെ അവഹേളിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നത്. ഹൈന്ദവ വിശ്വാസങ്ങളെ അവര്‍ അപമാനിക്കുന്നു. അയോധ്യ വിശ്വാസികളില്‍ വലിയ വികാരമാണ് സൃഷ്ടിച്ചിട്ടുള്ളത്. ശ്രീരാമനായി അവരെല്ലാം ഒന്നിച്ചു നില്‍ക്കുന്ന കാഴ്ചയാണു കാണാനായത്. കേരളത്തിന്റെ പൊതുമനസ്സ് ശ്രീരാമനൊപ്പമാണുള്ളതെന്ന് പ്രാണപ്രതിഷ്ഠാ ചടങ്ങിന് ലഭിച്ച പിന്തുണ വ്യക്തമാക്കുന്നു. എല്ലാ ക്ഷേത്രങ്ങളിലേക്കും വലിയതോതില്‍ ഭക്തജനപ്രവാഹമുണ്ടായി. അയോധ്യക്കെതിരായ എല്ലാപ്രചാരണങ്ങളെയും വിശ്വാസികള്‍ തള്ളിക്കളഞ്ഞു. ഇനിയെങ്കിലും മുന്നണിനേതാക്കളുടെ കണ്ണുതുറക്കട്ടെയെന്നും സുരേന്ദ്രന്‍ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *