കടുത്തുരുത്തി; കോണ്‍ഗ്രിഗേഷന്‍ ഓഫ് ദി സിസ്റ്റേഴ്‌സ് ഓഫ് സെന്റ് അലോഷ്യസിന്റെ നേതൃത്വത്തില്‍ സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നമ്പ്യാകുളത്തെ റൂബിനോ നിലയം എന്ന് വിളിക്കപെടുന്ന സെന്റ് അലോഷ്യസ് കോണ്‍വെന്റിനോടുനുബന്ധിച്ചു മുതിര്‍ന്ന പൗരന്മാര്‍ക്കായി പൂര്‍ത്തിയാക്കിയ സാന്‍ ലൂയീജി ഭവന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും നാളെ (വ്യാഴം) നടക്കും.
ഉച്ചകഴിഞ്ഞ് മൂന്നിന് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വെഞ്ചരിപ്പ് നിര്‍വഹിക്കുന്ന സാന്‍ ലൂയീജി ഭവന്റെ ഉദ്ഘാടനം പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ മോളി എം. ആന്റണി നിര്‍വഹിക്കും. 1815 -ല്‍ ഇറ്റലിയിലെ ആല്‍ബാ രൂപതയിലെ വൈദീകനായ വെനറബിള്‍ ഫാ.ജോവാനി ബാറ്റിസ്റ്റോ റൂബീനോ സ്ഥാപിച്ച സന്യാസിനി സമൂഹമാണ് കോണ്‍ഗ്രിഗേഷന്‍ ഓഫ് ദി സിസ്റ്റേഴ്‌സ് ഓഫ് സെന്റ് അലോഷ്യസ്. കോണ്‍ഗ്രിഗേഷന്റെ പാലാ രൂപതയിലെ ആദ്യത്തെതും കൂടാതെ, രൂപതയിലെ ഏക കോണ്‍വെന്റുമാണ് നമ്പ്യാകുളത്ത് സെന്റ് തോമസ് മൗണ്ട് പള്ളിക്കു സമീപം സ്ഥിതി ചെയ്യുന്നത്.
2014 ലാണ് ഇവിടെ റൂബിനോ നിലയം എന്ന് വിളിക്കപെടുന്ന സെന്റ് അലോഷ്യസ് കോണ്‍വെന്റ് സ്ഥാപിതമാകുന്നത്. കോണ്‍ഗ്രിഗേഷന്റെ സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോണ്‍വെന്റിനോടുനുബന്ധിച്ചു കുട്ടികള്‍ക്കായി കിന്‍ഡര്‍ ഗാര്‍ഡന്‍ ആദ്യം പ്രവര്‍ത്തനമാരംഭിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഇപ്പോള്‍ മുതിര്‍ന്ന പൗരന്മാരെ സംരക്ഷിക്കുന്നതിനായി സാന്‍ ലൂയീജി ഭവന്റെ പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുന്നത്. നന്മ ചെയ്യുകയാണ് എന്റെ ജീവിതലക്ഷ്യം എന്ന വിശുദ്ധ അലോഷ്യസിന്റെ ആപ്തവാക്യം സ്വീകരിച്ചുക്കൊണ്ടാണ് മുതിര്‍ന്ന പൗരന്മാര്‍ക്കായി അവരുടെ ജീവിതത്തിന്റെ സാഹാഹ്നം സന്തോഷപ്രദമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സാന്‍ ലൂയീജി ഭവന്‍ എന്ന പേരില്‍ സീനിയര്‍ സിറ്റിസണ്‍ഹോമിന്റെ പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുന്നത്.
അത്യാധൂനിക സൗകര്യങ്ങളോടു കൂടിയാണ് സാന്‍ ലൂയീജി ഭവന്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ആത്മീയ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള ചാപ്പലും ഒരുക്കിയിട്ടുണ്ട്. വെഞ്ചരിപ്പിനു ശേഷം ചാപ്പലില്‍ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് സമ്മേളനവും ഉണ്ടായിരിക്കും. പ്രൊവിന്‍ഷ്യാല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ മോളി എം.ആന്റണി, നമ്പ്യാകുളം സെന്റ് തോമസ് മൗണ്ട് പള്ളി വികാരി ഫാ.ജോസഫ് വടക്കേനെല്ലിക്കാട്ടില്‍, റവ.ഡോ. കെ.എസ്. മാത്യു കുഴിപ്പള്ളില്‍ തുടങ്ങിയവര്‍ പങ്കെടുക്കും.