സ്വകാര്യ ബസ് ജീവനക്കാരനെ മര്‍ദ്ദിച്ച അഞ്ച് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കൊച്ചി: സ്വകാര്യ ബസ് ജീവനക്കാരനെ മര്‍ദ്ദിച്ച അഞ്ച് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ അറസ്റ്റില്‍. എ.ആര്‍. അനന്തു, ഹാഷിം, ശരവണന്‍, ഷിഹാബ്, മുഹമ്മദ് അഫ്രീദ് എന്നിവരാണ് പിടിയിലായത്. ചോറ്റാനിക്കര-ആലുവ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ‘സാരഥി’ ബസിലെ കണ്ടക്ടര്‍ ജെഫിനാണ് മര്‍ദനമേറ്റത്. ഞായറാഴ്ച ഉച്ചയ്ക്ക് മഹാരാജാസ് കോളേജിന് മുന്നില്‍വെച്ച് സംഘടിച്ചെത്തിയ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ബസിനുള്ളില്‍ കയറി ജെഫിനെ മര്‍ദിക്കുകയായിരുന്നു. വിദ്യാര്‍ഥി കണ്‍സഷനുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് ആക്രമണത്തിന് കാരണം.

ദിവസങ്ങള്‍ക്ക് മുന്‍പ് അറസ്റ്റിലായ ഷിഹാബും ബസിലെ കണ്ടക്ടറായ ജെഫിനും തമ്മില്‍ കണ്‍സെഷനെച്ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. അന്ന് ഷിഹാബിനെ ജെഫിൻ മർദ്ദിച്ചിരുന്നു. ഈ സംഭവത്തില്‍ കണ്ടക്ടര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കെതിരേ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുക്കുകയും ഇവരെ ജാമ്യത്തില്‍ വിടുകയും ചെയ്തു. തുടര്‍ന്ന് ജെഫിന്‍ വീണ്ടും ബസില്‍ ജോലിയില്‍ പ്രവേശിച്ചദിവസമാണ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി ആക്രമിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്ക് ഒരാള്‍ ബസില്‍ കയറുകയും മഹാരാജാസിലേക്ക് ടിക്കറ്റ് ആവശ്യപ്പെടുകയും ചെയ്തു. ടിക്കറ്റ് നല്‍കുന്നതിനിടെ ഇയാള്‍ കണ്ടക്ടറുമായി തര്‍ക്കമുണ്ടാക്കി. ഇതിനിടെ ബസ് മഹാരാജാസ് കോളേജിന് മുന്നിലെത്തിയതോടെ കൂടുതല്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ബസിനുള്ളിലേക്ക് കയറുകയും ജെഫിനെ ആക്രമിക്കുകയുമായിരുന്നു. ബസിന്റെ താക്കോല്‍ ഊരിയെടുക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ജെഫിനെ റോഡിലേക്ക് വലിച്ചിട്ട് വീണ്ടും മര്‍ദിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ ജെഫിന്‍ എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *