മുംബൈ- വയോധികയെ വിവാഹ വാഗ്ദാനം നല്‍കി കബളിപ്പിച്ച് 12 ലക്ഷം തട്ടിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മണിപ്പൂര്‍ സ്വദേശികളായ സോളന്‍ തോട്ടംഗമല അങ്കാങ് (22), തിന്‍ഗ്യോ റിംഗ്ഫാമി ഫെയ്റേ(26) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ദദാര്‍ സ്വദേശിയായ 75 കാരിക്കാണ് 12 ലക്ഷം നഷ്ടമായത്. അവിവാഹിതയായ ഇവര്‍ ജീവിത പങ്കാളിക്കായി അന്വേഷിക്കുന്നതിനിടെയാണ് തട്ടിപ്പിനിരയായത്. ജര്‍മ്മന്‍ പൗരനെന്ന് സ്വയം പരിചയപ്പെടുത്തിയയാൾ വയോധികക്ക് വാട്‌സ്ആപ്പില്‍ സന്ദേശം അയച്ചു. അന്താരാഷ്ട്ര നമ്പറില്‍ നിന്നാണ് ഇവര്‍ക്ക് സന്ദേശം ലഭിച്ചത്. തനിക്ക് ഭാര്യയില്ലെന്നും വയോധികയെ വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്നുമായിരുന്നു സന്ദേശം.
ധനികനാണെന്നും ഉടന്‍ മുംബൈയിലേക്ക് വരുമെന്നും അപ്പോള്‍ വിവാഹം കഴിക്കാമെന്നും ഇയാള്‍ വയോധികയോട് പറഞ്ഞതായി സീനിയര്‍ ഇന്‍സ്‌പെക്ടര്‍ ദീപക് ചവാന്‍ പറഞ്ഞു. വാട്‌സ്ആപ്പ് ചാറ്റിലൂടെ പരിചയം വളര്‍ന്നതോടെയായിരുന്നു തട്ടിപ്പ്.
വിലകൂടിയ സമ്മാനങ്ങള്‍ അയച്ചിട്ടുണ്ടെന്ന് ഇയാള്‍ വയോധികയോട് പറഞ്ഞു. അടുത്തദിവസം കസ്റ്റംസ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നാണെന്നും പാഴ്സല്‍ നല്‍കണമെങ്കില്‍ 3.85 ലക്ഷം രൂപ കസ്റ്റംസ് ഡ്യൂട്ടിയായി നല്‍കണമെന്നും പറഞ്ഞ് മറ്റൊരു കോള്‍ ഇവര്‍ക്ക് വന്നു.
പണം നല്‍കിയെങ്കിലും ഇവര്‍ക്ക് സമ്മാനം ലഭിച്ചില്ല. പിന്നീട് പല കാരണങ്ങള്‍ പറഞ്ഞ് ഇയാള്‍ വയോധികയില്‍നിന്ന് പണം വാങ്ങി.പിന്നീട് ജര്‍മ്മന്‍കാരനെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ കോള്‍ എടുത്തില്ല. ഇതോടെയാണ് വയോധിക പരാതിയുമായി പോലീസിനെ സമീപിച്ചത്.
നൈജീരിയന്‍ സൈബര്‍ തട്ടിപ്പ് സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. സംഘത്തിലെ കൂടുതല്‍ പേര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
2023 June 25IndiaCrimeFraudarresttitle_en: 12 lakh lost in cyber fraud

By admin

Leave a Reply

Your email address will not be published. Required fields are marked *