കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് പ്രിൻസിപ്പൽ വി.എസ്. ജോയിയെ സ്ഥലം മാറ്റി. സംഘർഷാവസ്ഥയെ തുടർന്ന് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചതിന് പിന്നാലെയാണ് സ്ഥലം മാറ്റം.
വെള്ളിയാഴ്ചയാണ് പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയ ഉത്തരവ് വരുന്നത്. പട്ടാമ്പി ശ്രീനീലകണ്ഠ സർക്കാർ സംസ്കൃത കോളജിലേക്കാണ് സ്ഥലം മാറ്റം. കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ ശിപാർശയെ തുടർന്നാണ് നടപടി.
നേരത്തെ, മഹാരാജാസ് കോളജിലുണ്ടായ സംഘർഷത്തിൽ ഒരു വിദ്യാർഥിക്ക് കുത്തേറ്റിരുന്നു. എസ്എഫ്ഐ കോളജ് യൂണിറ്റ് സെക്രട്ടറിയും മൂന്നാം വർഷ ബിരുദ വിദ്യാർഥിയുമായ പി.എ. അബ്ദുൽ നാസറിനാണ് വെട്ടേറ്റത്.
പിന്നാലെ വിദ്യാർഥികൾക്കും ഒരു അധ്യാപകന് നേരെയും ആക്രമണമുണ്ടായിരുന്നു. ഭിന്നശേഷിക്കാരനായ പ്രഫസറും കോളജ് യൂണിയൻ സ്റ്റാഫ് അഡ്വൈസറുമായ കെ.എം. നിസാമുദ്ദീനാണു വിദ്യാർഥിയുടെ മർദനമേറ്റത്. അധ്യാപകന്റെ പരാതിയിൽ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.