റിലീസിനൊരുങ്ങുന്ന ദിലീപ് ചിത്രം തങ്കമണിയ്ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ബലാത്സംഗ ദൃശ്യങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തങ്കമണി സ്വദേശിയാണ് ഹര്‍ജി നല്‍കിയത്. 1986ല്‍ ഇടുക്കി ജില്ലയിലെ തങ്കമണിയില്‍ നടന്ന സംഭവത്തെ ആസ്പദമാക്കിയുള്ള താണ് ചിത്രം. ചിത്രത്തിന്റെ ടീസറില്‍ കാണിച്ചിരിക്കുന്നതു പോലെ പോലീസുകാര്‍ തങ്കമണിയിലെ സ്ത്രീകളെ ബലാത്സംഗം ചെയ്ത സംഭവം ഉണ്ടായിട്ടില്ലെന്ന് തങ്കമണി സ്വദേശിയായ വി.ആര്‍.ബിജു എന്നയാള്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.
കേസ് അടുത്തയാഴ്ച ഹൈക്കോടതി പരിഗണിക്കും, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുക. പോലീസിനെ പേടിച്ച് പുരുഷന്മാര്‍ കൃഷിയിടങ്ങളില്‍ ഒളിച്ചെന്നും തുടര്‍ന്ന് പോലീസുകാര്‍ സ്ത്രീകളെ ബലാത്സംഗം ചെയ്തുവെന്നും സിനിമയില്‍ കാണിക്കുന്നത് വാസ്തവ വിരുദ്ധവും സംഭവത്തെ മോശം രീതിയില്‍ ചിത്രീകരിക്കുന്നതുമാണ് എന്ന് ഹര്‍ജിയില്‍ പറയുന്നു. കൂടാതെ ഇത്തരമൊരു കുറ്റകൃത്യമുണ്ടായതായി ഔദ്യോഗിക രേഖകളോ തെളിവുകളോ ഇല്ലെന്നും പറയുന്നു.
‘എലൈറ്റ്’ എന്ന ബസിലെ ജീവനക്കാരും വിദ്യാര്‍ഥികളും തമ്മിലുണ്ടായ തര്‍ക്കമാണ് വന്‍ പോലീസ് നരനായാട്ടിലേക്ക് നയിച്ച തങ്കമണി സംഭവമായി മാറിയത്. ഇത്തരമൊരു സംഭവം ഉണ്ടായിട്ടുണ്ടെന്ന് എല്ലാവരും സമ്മതിക്കുന്ന കാര്യമാണെന്ന് ഹര്‍ജിക്കാരന്‍ പറയുന്നു. അതേസമയം സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍.ബി ചൗധരി, ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് നായികമാര്‍. മലയാളത്തിലെയും തമിഴിലെയും ഒരു വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. അജ്മല്‍ അമീര്‍, സുദേവ് നായര്‍, സിദ്ദിഖ്, മനോജ് കെ ജയന്‍, കോട്ടയം രമേഷ്, മേജര്‍ രവി, സന്തോഷ് കീഴാറ്റൂര്‍,അസീസ് നെടുമങ്ങാട്, തൊമ്മന്‍ മാങ്കുവ, ജിബിന്‍ ജി, അരുണ്‍ ശങ്കരന്‍, മാളവിക മേനോന്‍, രമ്യ പണിക്കര്‍, മുക്ത, ശിവകാമി, അംബിക മോഹന്‍, സ്മിനു, ജോണ്‍ വിജയ്, സമ്പത്ത് റാം എന്നിങ്ങനെ വമ്പന്‍ താര നിര തന്നെ സിനിമയുടെ ഭാഗമാകുന്നു.