തിരുവനന്തപുരം: കേന്ദ്ര സമീപനത്തിനെതിരെ ഇടതുപക്ഷം നടത്തുന്ന പാർലമെന്റ് മാർച്ചിൽ യുഡിഎഫ് പങ്കെടുക്കാത്തതിനെ വിമർശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. യോജിച്ച സമരത്തിനില്ലെന്ന പ്രതിപക്ഷ നിലപാടിൽ യുഡിഎഫിൽ യോജിപ്പില്ല. കേരളത്തോട് പ്രതിപക്ഷം കാണിക്കുന്ന വെല്ലുവിളിയാണിതെന്ന് എം വി ഗോവിന്ദൻ വിമർശിച്ചു.
അവകാശപ്പെട്ട വിഹിതം ലഭിക്കാനാണ് ഇടതുപക്ഷം ഫെബ്രുവരി 8ന് പാർലമെൻ്റ് മാർച്ച് നടത്തുന്നത്. സംസ്ഥാനങ്ങളോട് കേന്ദ്രം വിവേചനം കാണിക്കുന്നു. ബിജെപി ഇതര സർക്കാരുകളെ ഞെരുക്കുകയാണ് കേന്ദ്ര സർക്കാരെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. രാഷ്ട്രീയ കാരണങ്ങളാലാണ് പ്രതിപക്ഷം പങ്കെടുക്കാത്തത്. ജനങ്ങളുടെ കാര്യമല്ല അവർക്ക് പ്രശ്നം, അവർക്ക് രാഷ്ട്രീയ താൽപര്യമാണ് ഉളളതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി വിമർശിച്ചു.
അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനവുമായി ബന്ധപ്പെട്ട് വീഡിയോ ചെയ്ത ഗായിക കെ എസ് ചിത്രയ്ക്കെതിരെ ഉയർന്ന വിമർശനങ്ങളിൽ എം വി ഗോവിന്ദൻ പ്രതികരിച്ചു. കെ എസ് ചിത്രയെ വിമർശിക്കേണ്ടതില്ല. അവർ എടുത്ത നിലപാടിന്റെ അടിസ്ഥാനത്തിൽ വളഞ്ഞിട്ട് ആക്രമിക്കുന്നത് ശരിയല്ല. ചിത്രയും ശോഭനയും നാടിൻ്റെ പൊതു സ്വത്ത് ആണ്. കെ എസ് ചിത്രയുടെ നിലപാടുകൾക്കെതിരെ വിമർശനമുണ്ട്. എന്നാൽ അത് ചിത്രക്ക് എതിരായ ആകെ നീക്കമായി മാറാൻ പാടില്ല, അതിനോട് യോജിപ്പില്ല. ഒരു പദപ്രയോഗത്തിൻ്റെ പേരിൽ തള്ളിപ്പറയേണ്ടവർ അല്ല അവർ എന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
വാർത്താ മാധ്യമങ്ങൾ എല്ലാം മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിക്കുന്നുവെന്നും എം വി ഗോവിന്ദൻ ആരോപിച്ചു. പാർട്ടിയെയും ഗവൺമെന്റിനെയും രാഷ്ട്രീയമായി ഭർത്സിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സിഎംആർഎൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു എം വി ഗോവിന്ദന്റെ ഈ പ്രതികരണം. സിഎംആർഎല്ലിലെ കെഎസ്ഐഡിസിയുടെ ഓഹരി നിക്ഷേപം 1995 ലേത് ആണ്. 75 കമ്പനികളിൽ കെഎസ്ഐഡിസിക്ക് ഇത്തരം നിക്ഷേപമുണ്ട്. 4.5 കോടി ഡിവിഡൻ്റായി സിഎംആർഎല്ലിൽ നിന്ന് ലഭിച്ചു. നിക്ഷേപ തുകയുടെ മൂല്യം ഉയർന്നു. നിയമപരമായി നടന്ന കാര്യങ്ങളെ പറ്റി പുകമറ സൃഷ്ടിച്ച് മുഖ്യമന്ത്രിയിലേക്ക് എത്താനുള്ള വഴി ഇതാണെന്ന് പറയുകയാണെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.