കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാവ് ലാലു പ്രസാദ് യാദവിനും മകനും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) സമന്‍സ്. റെയില്‍വേയുടെ ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് സമന്‍സെന്ന് വൃത്തങ്ങള്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞു. ചോദ്യം ചെയ്യലിനായി പാറ്റ്നയിലെ ഓഫീസില്‍ ഹാജരാകാനാണ് ഇരുവരോടും അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ടിരിക്കുന്നത്. ലാലു പ്രസാദിനോട് ജനുവരി 29ന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തേജസ്വിയോട് ജനുവരി 30നും ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ലാലു പ്രസാദും തേജസ്വിയും അന്വേഷണ ഏജന്‍സി നേരത്തെ നല്‍കിയ സമന്‍സ് ഒഴിവാക്കിയിരുന്നു. ലാലു പ്രസാദിന്റെ ഭാര്യയും ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ റാബ്റി ദേവിയുടെ ഔദ്യോഗിക വസതിയിലേക്കാണ് അടുത്തിടെ സമന്‍സ് അയച്ചത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ ലാലു യാദവ് റെയില്‍വേ മന്ത്രിയായിരുന്ന കാലത്തെ അഴിമതി ആരോപണമാണിത്. 2004 മുതല്‍ 2009 വരെ കേന്ദ്ര റെയില്‍വേ മന്ത്രിയായിരിക്കെ ലാലു പ്രസാദിന്റെ കുടുംബം ഇന്ത്യന്‍ റെയില്‍വേയില്‍ നിയമനം നടത്തിയതിന് പകരമായി ഭൂമി കൈപ്പറ്റിയെന്നാണ് അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍. സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) നല്‍കിയ പരാതിയെ തുടര്‍ന്നാണ് കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ (പിഎംഎല്‍എ) ക്രിമിനല്‍ വകുപ്പുകള്‍ പ്രകാരം കേസ് ഫയല്‍ ചെയ്തത്.
സിബിഐ കേസില്‍ ലാലു പ്രസാദ്, തേജസ്വി യാദവ്, റാബ്റി ദേവി എന്നിവര്‍ക്ക് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വിചാരണ കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസില്‍ റാബ്റി ദേവി (68), ആര്‍ജെഡി രാജ്യസഭാ എംപി മിസ ഭാരതി (47), ലാലു യാദവിന്റെയും റാബ്രി ദേവിയുടെയും മറ്റ് രണ്ട് പെണ്‍മക്കളായ ചന്ദാ യാദവ്, രാഗിണി യാദവ് എന്നിവരെ നേരത്തെ ചോദ്യം ചെയ്തിരുന്നു.