ഇടുക്കി: മൂന്നാറിലെ ജനവാസ മേഖലയിലിൽനിന്ന് പിന്മാറാതെ പടയപ്പ. പെരിയവാര പുതുക്കാട് മേഖലയിലാണ് കുറച്ചുദിവസമായി ആന തുടരുന്നത്. പ്രദേശത്ത് തുടരുന്ന ആന ജനജീവിതം സ്തംഭിപ്പിച്ചിരിക്കുകയാണ്.
രണ്ടാഴ്ച മുമ്പ് പെരിയവര എസ്റ്റേറ്റിൽ റേഷൻകട തകർത്ത് ആന അരി ഭക്ഷിച്ചിരുന്നു. തുടർന്ന് കാട് കയറി. ശേഷം നാല് ദിവസം മുമ്പാണ് വീണ്ടും എത്തി ജനവാസ മേഖലയിൽ നാശം വിതയ്ക്കുന്നത്.
പകൽ സമയത്ത് ഉൾപ്പെടെ ആന ജനവാസ മേഖലയിൽ വിഹരിക്കുകയാണ്. പ്രദേശത്തെ കർഷകരുടെ വാഴകൃഷി പൂർണമായി പടയപ്പ നശിപ്പിച്ചു. ആനയുടെ സാന്നിധ്യം കാരണം പകൽ സമയം പോലും പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണ് പ്രദേശത്തുള്ളത്.
തുടർന്ന് പ്രതിഷേധവുമായി ആളുകൾ വനം വകുപ്പിനെ സമീപിച്ചു. എന്നാൽ ആന നിലവിൽ ജനവാസ മേഖലയ്ക്ക് അരികെ അല്ല എന്നും പൂർണമായി വനം വകുപ്പിന്റെ നിരീക്ഷണത്തിലാണ് എന്നും ഉദ്യോഗസ്ഥർ അറിയച്ചു.