കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ മാർക്ക് ദാനത്തെച്ചൊല്ലിയുള്ള വിവാദങ്ങൾ വീണ്ടും കരിനിഴൽ വീഴ്‍ത്തുകയാണ്. എസ്.എഫ്.ഐ നേതാക്കൾക്ക് മാർക്ക് ദാനമെന്ന് ഗവർണർക്ക് പരാതി കിട്ടിയിട്ടുണ്ട്.
എസ്.എഫ്.ഐ നേതാവായ ആകാശിന് അക്കാഡമിക് കൗൺസിൽ റഗുലേഷന് വിരുദ്ധമായി ബിഎസ്‌സി പരീക്ഷയിൽ ഇന്റേണലിന് ആറ് മാർക്ക് ദാനം ചെയ്ത് ജയിപ്പിച്ചെന്നാണ് ആക്ഷേപം.
നേരത്ത ആറു മാർക്ക് നൽകാനുള്ള ശുപാർശ സിൻഡിക്കേറ്റ് തള്ളിക്കളഞ്ഞതാണ്. ഇപ്പോഴത്തെ താത്കാലിക സംവിധാനമായ നോമിനേറ്റഡ് സിൻഡിക്കേറ്റാണ് മാർക്ക്ദാനം നടത്തിയത്.
സർവകലാശാലയുടെ അക്കാഡമിക് കൗൺസിലിനല്ലാതെ, കോളേജ് പ്രശ്ന പരിഹാര സമിതിക്കോ സിൻഡിക്കേറ്റിനോ റെഗുലേഷനിൽ ഇളവ് അനുവദിക്കാൻ അധികാരമില്ല. 2009ൽ വിമൻസ് സ്റ്റഡീസ് എം.എ കോഴ്സിന് പഠിച്ചിരുന്ന എസ്.എഫ്.ഐ സംസ്ഥാന നേതാവിന് പത്തുവർഷം കഴിഞ്ഞ് ഇന്റേണൽ പരീക്ഷയിൽ 21 മാർക്ക് ദാനം നൽകിയത് വിവാദമായിരുന്നു.
അനധികൃതമായി നൽകിയ മാർക്കുകൾ റദ്ദാക്കാൻ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.
2009 ൽ എം.എ പരീക്ഷ പാസ്സായ മുൻ എസ് എഫ് ഐ വനിതാ നേതാവിന് പത്തുവർഷത്തിനു ശേഷം കലിക്കറ്ര് സർവകലാശാല 21 മാർക്ക് ദാനമായി നൽകിയതിന് പിന്നാലെയാണ് വീണ്ടും മാർക്ക് ദാന ആരോപണം ഉയരുന്നത്.
2009ൽ നൽകിയ എം എ പരീക്ഷയുടെ മാർക്ക് ലിസ്റ്റ് തിരികെ വാങ്ങി, ഭേദഗതി ചെയ്ത പുതിയ മാർക്ക് ലിസ്റ്റ് പരീക്ഷാ ഭവൻ നൽകി. ഇപ്പോൾ യൂണിവേഴ്സിറ്റിയിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകനിയമനം നേടിയ നേതാവിന്, സ്ഥിരം അധ്യാപക നിയമനതിനുള്ള ഇന്റർവ്യൂവിൽ ഇൻഡക്സ് മാർക്ക് കൂട്ടി ലഭിക്കുന്നതിനുവേണ്ടിയാണ് മാർക്ക് ദാനം ചെയ്തത്.
വിമൻസ് സ്റ്റഡീസ് വകുപ്പിൽ എം എ കോഴ്സിന് പഠിച്ച നേതാവിനാണ് മാർക്ക് ദാനം ചെയ്തത്. മതിയായ ഹാജർ ഇല്ലാത്ത വിദ്യാർഥികൾക്ക് ഹാജറിനുള്ള മാർക്ക് നൽകാൻ പാടില്ലെന്ന് സർവ്വകലാശാല റഗുലേഷൻ വ്യവസ്ഥ ചെയ്യുന്നു. ഈ വ്യവസ്ഥ മറികടന്ന് എല്ലാ പേപ്പറിനും തനിക്ക് മുഴുവൻ മാർക്കും നൽകണമെന്ന വിദ്യാർഥിനേതാവിന്റെ 2009 ലെ അപേക്ഷ അന്നത്തെ വൈസ് ചാൻസലർ അൻവർ ജഹാൻ സുബേരി തള്ളിക്കളഞ്ഞിരുന്നു.
പുതിയ സിൻഡിക്കേറ്റ് നിലവിൽവന്നതോടെ, വിദ്യാർഥിനിയുടെ പുതിയ അപേക്ഷ പരിഗണിച്ച സിൻഡിക്കേറ്റിന്റെ സ്ഥിരം സമിതി 21 മാർക്ക് അധികമായി നൽകാൻ തീരുമാനിക്കുകയായിരുന്നു. മുൻ വിസി യുടെ ഉത്തരവ് മറച്ചുവയ്ക്കുന്നതിനുവേണ്ടി വകുപ്പ് മേധാവിയായിരുന്ന പ്റൊഫസ്സറെ നീക്കി ചട്ടവിരുദ്ധമായി ഒരു ജൂനിയർ അധ്യാപികയെ വകുപ്പ് മേധാവിയായി നിയമിച്ച ശേഷമാണ് മാർക്ക് ദാനം ചെയ്തത്.
എം.എയുടെ മൂന്നാം സെമസ്റ്ററിന് 5 പേപ്പറാണുള്ളത്. ഓരോ പേപ്പറിനും ഹാജറിന്റെ അടിസ്ഥാനത്തിൽ ഈ വിദ്യാർഥിനിക്ക് നാലിൽ 3 മാർക്കുവീതം നൽകിയിരുന്നു. നാലാം സെമെസ്റ്ററിൽ ഹാജർ ഇല്ലാതെ പ്റത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിൽ പരീക്ഷ എഴുതുന്നവർക്ക് ഒരു മാർക്കും നല്കാൻ പാടില്ലെന്ന യൂണിവേഴ്സിറ്റി റെഗുലേഷൻ പ്റകാരം, ഹാജരില്ലാതിരുന്ന ഈ വിദ്യാർഥിനിക്ക് മാർക്കിന് അർഹത ഇല്ലാതായി.
നാലാം സെമെസ്റ്ററിൽ നാലു പേപ്പറുകളാണ് ഉള്ളത്. സിൻഡിക്കേറ്റ് കമ്മറ്റി മൂന്ന് മാർക്ക് വീതംകിട്ടിയ മൂന്നാം സെമസ്റ്ററിലെ അഞ്ച് പേപ്പറുകൾക്കും നാലുമാർക്ക് വീതവും, മാർക്ക് നല്കിയിട്ടില്ലാത്ത നാലാം സെമസ്റ്ററിലെ നാലുപേപ്പറുകൾക്കും നാലു മാർക്ക് വീതവും നൽകാൻ തീരുമാനിച്ചതോടെ 21 മാർക്ക് കൂടുതൽ നൽകി പുതിയ മാർക്ക് ലിസ്റ്റ് നൽകുകയായിരുന്നു.
വർഷങ്ങൾക്കു മുൻപ് ബി.ടെക് പരീക്ഷ തോറ്റവരെ 20 മാർക്ക് സ്പെഷ്യൽ മോഡറേഷനായി നൽകി കാലിക്കറ്റ് സർവകലാശാല കൂട്ടത്തോടെ ജയിപ്പിച്ചതും വിവാദമായിരുന്നു. നേരത്തേ എം.ജി സർവകലാശാല ബി.ടെക് പരീക്ഷയിൽ തോറ്റവരെ ജയിപ്പിക്കാൻ അന്ന് മന്ത്രിയായിരുന്ന കെ.ടി.ജലീലിന്റെ അദാലത്തിലൂടെ 5 മാർക്ക് ദാനമായി നൽകിയത് വിവാദമാവുകയും ഗവർണറുടെ നിർദ്ദേശപ്രകാരം റദ്ദാക്കുകയും ചെയ്തിരുന്നു.
സർവകലാശാല നിയമപ്രകാരം വി.സിക്കോ അക്കാഡമിക് കൗൺസിലിനോ സിൻഡിക്കേറ്റിനോ മോഡറേഷൻ മാർക്ക് കൂട്ടി നൽകാൻ അധികാരമില്ലെന്നിരിക്കെയാണ് സിൻഡിക്കേറ്റ് അംഗങ്ങളുടെ സമ്മർദ്ദത്തിന് വഴങ്ങി വി.സി ഉത്തരവിറക്കിയത്. അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളിൽ ഉത്തരവിടാൻ വി.സിക്കുള്ള അധികാരമുപയോഗിച്ചാണ് നടപടി.
കേരളത്തിലെ മറ്റു സർവകലാശാലകൾ, ഒരു വിഷയത്തിന് തോൽക്കുന്നവർക്കു പോലും സ്‌പെഷ്യൽ സപ്ലിമെന്ററി പരീക്ഷകൾ നടത്തുകയാണ് ചെയ്യുന്നത്. മോഡറേഷൻ മാർക്ക് നിശ്ചയിക്കാൻ അധികാരം സർവകലാശാല ചട്ടപ്രകാരം നിയമിക്കപ്പെടുന്ന പരീക്ഷ ബോർഡിന് മാത്രമേയുള്ളൂ.
പരീക്ഷാഫലം പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ മോഡറേഷനിൽ മാറ്റം വരുത്താനോ പരീക്ഷഫലം മാറ്റാനോ ആർക്കും അധികാരമില്ല. ഫലം പ്രസിദ്ധീകരിക്കുന്നതോടെ ബന്ധപ്പെട്ട ബോർഡിന്റെ ചുമതലകളും അവസാനിക്കും.