സിനിമാ-സീരിയല്‍ താരം സ്വാസിക വിവാഹിതയാകുന്നു. ടെലിവിഷന്‍ താരവും മോഡലുമായ പ്രേം ജേക്കബ് ആണ് വരന്. പ്രണയവിവാഹമാണ്. ജനുവരി 26ന് തിരുവനന്തപുരത്ത് വിവാഹവും 27ന് കൊച്ചിയില്‍ സുഹൃത്തുക്കള്‍ക്കായി വിവാഹവിരുന്നും സംഘടിപ്പിക്കും.
‘മനം പോലെ മാംഗല്യം’ എന്ന സീരിയലില്‍ ഒന്നിച്ച് അഭിനയിച്ച ശേഷമാണ് സ്വാസികയും പ്രേമും പ്രണയത്തിലാകുന്നത്. ഇരുവരുടെയും ഫോട്ടോഷൂട്ടുകളും ശ്രദ്ധ നേടിയിരുന്നു. തിരുവനന്തപുരം സ്വദേശിയാണ് പ്രേം. വിജയകുമാറിന്റെയും ഗിരിജയുടെയും മകളായ സ്വാസിക മൂവാറ്റുപുഴ സ്വദേശിയാണ്.
‘വൈഗ’ എന്ന തമിഴ് ചിത്രത്തിലൂടെ 2009ല്‍ ആണ് സ്വാസിക അഭിനയരംഗത്തേക്ക് എത്തുന്നത്. 2010ല്‍ പുറത്തിറങ്ങിയ ‘ഫിഡില്‍’ ആണ് ആദ്യ മലയാള സിനിമ. ‘കട്ടപ്പനയിലെ ഋത്വിക് റോഷന്’, ‘പൊറിഞ്ചു മറിയം ജോസ്’, ‘ചതുരം’ എന്നീ ചിത്രങ്ങളിലൂടെയാണ് സ്വാസിക ശ്രദ്ധ നേടുന്നത്.