തിരുവനന്തപുരം: മുഖ്യമന്ത്രിയാകണമെന്ന് മോഹം തൻ്റെ മനസ്സിൻ്റെ നാലയലത്ത് പോലുമില്ലെന്ന് മുൻ മന്ത്രി കെ.കെ ശൈലജ. വനിത മുഖ്യമന്ത്രി വേണമെന്ന് വാദത്തിൽ കഴമ്പില്ല. രണ്ടാം പിണറായി സർക്കാരിൽ തന്നെ ആരും തടഞ്ഞിട്ടില്ല. താൻ പിണറായി വിജയൻ്റെ ഗുഡ് ലിസ്റ്റിൽ ഉൾപ്പെട്ടയാൾ ആണെന്നും കെ.കെ ശൈലജ പറഞ്ഞു.
ഉത്തരവാദിത്വം നിറവേറ്റാൻ കഴിവ് ഉള്ളവരെയാണ് താക്കോൽ സ്ഥാനങ്ങളിൽ ഇരുത്തേണ്ടത്. മുഖ്യമന്ത്രി സ്ത്രീയോ പുരുഷനോ എന്നതിൽ കാര്യമില്ലെന്നും കെ.കെ ശൈലജ. മുഖ്യമന്ത്രിക്ക് തന്നോട് യാതൊരു എതിർപ്പുമില്ല. ബാക്കിയെല്ലാം കെട്ടുകഥയാണ്.
രണ്ടാം പിണറായി സഭയിൽ തന്നെ ആരും തടഞ്ഞില്ല. താൻ മന്ത്രിസ്ഥാനം ആഗ്രഹിച്ചിരുന്നില്ലെന്നും മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങൾ ആവണം എന്നത് പാർട്ടിയുടെ തീരുമാനമായിരുന്നുവെന്നും ശൈലജ പറഞ്ഞു.
താൻ മുഖ്യമന്ത്രി ആകണമെന്ന അഭിപ്രായം ഒരുപാട് പേരിൽ ഉണ്ടെന്ന് കരുതുന്നില്ല. ഒന്നോ രണ്ടോ പേർ അങ്ങനെ പറഞ്ഞെന്ന് കരുതി അത് പൊതുവികാരമായി കണക്കാക്കേണ്ട. എല്ലാം പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നും കെ.കെ ശൈലജ ടീച്ചർ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് തൻ്റെ അഭിപ്രായം പാർട്ടിക്കുള്ളിൽ പറയും. മത്സരിക്കുന്ന കാര്യം പാർട്ടി നിർദ്ദേശം അനുസരിച്ച് തീരുമാനിക്കും. എംടിയുടെയും എം മുകന്ദിന്റെയും രാഷ്ട്രീയ വിമർശനങ്ങൾ സിപിഐഎം ഉൾക്കൊള്ളണമെന്നും കെ.കെ ശൈലജ പറഞ്ഞു.