കുവൈത്ത്: കുവൈത്തിൽ സൂപ്പർ മാർക്കറ്റുകളിലും കോ ഓപ്പറേറ്റീവ് സൊസൈറ്റികളിലും പഴം, പച്ചക്കറി ഉൽപ്പന്നങ്ങളുടെ ചില്ലറ വിൽക്കുന്നതിന് വാണിജ്യ മന്ത്രാലയം വിലക്കേർപ്പെടുത്തി.
വ്യവസായ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ മുഹമ്മദ് അൽ-അയ്ബാൻ ആണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. ഫെബ്രുവരി ഒന്ന് മുതൽ വിലക്ക് പ്രാബല്യത്തിലാകും .
പച്ചക്കറികളുടെയും പഴങ്ങളുടെയും വിലയിൽ കൃത്രിമം കാണിക്കുന്നത് തടയുക , അളവിലും തൂക്കത്തിലുമുള്ള തട്ടിപ്പുകൾ തടയുക , കേടായ ഉത്പന്നങ്ങൾ വിൽക്കുന്ന സാഹചര്യം ഇല്ലാതാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഇത് വഴി ഉദ്ദേശിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.
സുലൈബിയ, അർദിയ തുടങ്ങിയ സഹകരണ സംഘങ്ങൾ, സ്റ്റോറുകൾ, വെയർഹൗസുകൾ എന്നിവിടങ്ങളിലെ പച്ചക്കറി മാർക്കറ്റുകളിൽ വലിയ പെട്ടികളിൽ നിന്നും ചെറിയ പെട്ടികളിലേക്ക് ചില്ലറ വിൽപനക്കായി ഉത്പന്നങ്ങൾ മാറ്റുന്നത് മന്ത്രാലയം പരിശോധനയിൽ കണ്ടെത്തിയിരുന്നു.
ചെറിയ പെട്ടികളിൽ സാധനങ്ങൾ വലിയ പെട്ടിയുടെ വിലക്ക് നൽകി ഉപഭോക്താവിനെ പറ്റിക്കുന്നത് ശ്രദ്ദയിൽ പെട്ടതിനെ തുടർന്നാണ് മന്ത്രാലയത്തിന്റെ നടപടി.