കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഇടതു സഹയാത്രികന്‍ കെവി തോമസിന്‍റെ മകല്‍ രേഖാ തോമസ് ഇടതുമുന്നണി സ്ഥാനാര്‍ഥിയായേക്കുമെന്ന് സുചന.
കെ.വി തോമസ് കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞ് ഇടതുപക്ഷത്തെത്തിയ സമയത്തെ ധാരണപ്രകാരമാണ് മകള്‍ രേഖാ തോമസിന് എറണാകുളം സീറ്റ് നല്‍കാനുള്ള തീരുമാനമെന്നാണ് സൂചന.
യുവ കോണ്‍ഗ്രസ് നേതാവും സിറ്റിംങ്ങ് എംപിയുമായ ഹൈബി ഈഡന്‍ തന്നെയാകും ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥി എന്നത് ഉറപ്പായിട്ടുണ്ട്. രേഖാ തോമസിനെ മല്‍സരിപ്പിക്കുന്നതിലൂടെ മണ്ഡലത്തില്‍ കെ.വി തോമസിനുള്ള സാമൂഹിക, സാമുദായിക സ്വാധീനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നാണ് ഇടതുപക്ഷത്തിന്‍റെ പ്രതീക്ഷ.
എറണാകുളത്തുനിന്ന് ഏറ്റവുമധികം തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ട നേതാവ് കെ.വി തോമസാണ്. ഇവിടെനിന്നുതന്നെ കേന്ദ്രമന്ത്രിയും നിയമസഭയിലെത്തി സംസ്ഥാന മന്ത്രിയുമായി.
1984 മുതല്‍ 96 വരെയും 2009 മുതല്‍ 2019 വരെയും എറണാകുളത്തെ എംപി കെ.വി തോമസായിരുന്നു. 2001 മുതല്‍ 2009 വരെ നിയമസഭാംഗവുമായിരുന്നു. ഈ കാലഘട്ടങ്ങളില്‍ അദ്ദേഹത്തിന് മണ്ഡലത്തിനുള്ളില്‍ വ്യാപകമായ ബന്ധങ്ങളുമുണ്ടായിരുന്നു. ഇത് മകള്‍ക്കുവേണ്ടി എറണാകുളത്ത് നേട്ടമാക്കി മാറ്റാന്‍ കഴിയുമെന്നാണ് കെ.വി തോമസിന്‍റെയും ഇടതുപക്ഷത്തിന്‍റെയും പ്രതീക്ഷ.
അതേസമയം ബിജെപി സ്ഥാനാര്‍ഥിയും ഇതേതരത്തില്‍ തന്നെ കോണ്‍ഗ്രസ് കുടുംബത്തില്‍നിന്നുള്ള യുവനേതാവ് അനില്‍ ആന്‍റണി ആകാനുള്ള സാധ്യതയാണ് പറഞ്ഞു കേള്‍ക്കുന്നത്. ബിജെപി ദേശീയ സെക്രട്ടറിയായ അനിലിനെ എറണാകുളത്ത് പരീക്ഷിക്കാനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
അങ്ങനെയെങ്കില്‍ കോണ്‍ഗ്രസിന്‍റെ സിറ്റിംങ്ങ് എംപി, ജോര്‍ജ് ഈഡന്‍റെ മകന്‍ ഹൈബി ഈഡനെതിരെ മുന്‍ കേന്ദ്രമന്ത്രിമാരും കോണ്‍ഗ്രസ് നേതാവുമായ കെ.വി തോമസിന്‍റെ മകളും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം കൂടിയായ എ.കെ ആന്‍റണിയുടെ മകനും കൊമ്പുകോര്‍ക്കും. അക്ഷരാര്‍ത്ഥത്തില്‍ ഇതൊരു കോണ്‍ഗ്രസിലെ മക്കള്‍ പോരായി മാറും.