തിരുവനന്തപുരം: ശാസ്ത്രത്തെ സംരക്ഷിക്കാൻ വലിയൊരു ജനകീയ പ്രസ്ഥാനം ഉണ്ടാകേണ്ടിയിരിക്കുന്നുവെന്നും ഭേദചിന്താഗതികൾക്കും വെറുപ്പിന്റെ ആശയങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരേ പുതിയൊരു സമരമുഖം തുറക്കേണ്ടിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
തിരുവനന്തപുരം തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശാസ്ത്രത്തെ സംരക്ഷിക്കാനുള്ള സമരങ്ങൾക്കും ബോധവത്കരണത്തിനുംവേണ്ട അധികാരം ഭരണഘടന ഓരോ ഇന്ത്യൻ പൗരനും നൽകുന്നുണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആ ഉത്തരവാദിത്തം ഏറ്റെടുക്കുകയെന്നതാണ് യഥാർഥ രാജ്യസ്‌നേഹികൾ ചെയ്യേണ്ടത്.
ശാസ്ത്രബുദ്ധി വളർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണു ഭരണഘടനയുടെ 51-ാം വകുപ്പ് പറയുന്നത്. എന്നാൽ ആ ഭരണഘടന പ്രകാരം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റവരിൽ ചിലർതന്നെ ശാസ്ത്രബുദ്ധി തകർക്കുന്ന യുക്തിരഹിതമായ പ്രസ്ഥാവനകൾ നടത്തുന്നു.
ഇത്തരത്തിലുള്ള ഒട്ടേറെ അസംബന്ധങ്ങൾ പ്രചരിപ്പിക്കപ്പെടുന്ന ഇക്കാലത്ത് കേരളം ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുകയാണ്. അതിന്റെ ഉത്തമ ദൃഷ്ടാന്തമാണു ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ. കേരളത്തിന്റെ ഓരോ കോണിലും ശാസ്ത്ര പ്രചാരണ സംവിധാനങ്ങൾ നിലവിൽവരുത്തുക, അവയെല്ലാം പൊതുസമൂഹത്തിന് ഉപയോഗപ്പെടുത്താൻ കഴിയുന്ന രീതിയിൽ വളർത്തുക എന്നിവയാണു സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം.