മഞ്ചേരി നഗരസഭാ കൗൺസിലര്‍ അബ്ദുൽ ജലീലിന്‍റെ കൊലപാതകത്തിൽ ഒരാൾ കൂടി പിടിയിലായി. നെല്ലിക്കുത്ത് സ്വദേശി ഷംസീറാണ് പൊലീസ് കസ്റ്റഡിയിലായത്. പ്രതി അബ്ദുൽ മജീദിനെ പൊലീസ് ഇന്നലെ കസ്റ്റഡിയിൽ എടുത്തിരുന്നു. മറ്റൊരു പ്രതി ഷുഹൈബ് എന്ന കൊച്ചുവിന് വേണ്ടി അന്വേഷണം തുടരുന്നു. കൊലപാതകത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹർത്താൽ നഗരസഭാ പരിധിയിൽ തുടരുകയാണ്.ഇന്നലെ രാത്രിയാണ് മർദനമേറ്റ് ചികിത്സയിലായിരുന്ന മഞ്ചേരി നഗരസഭയിലെ ലീഗ് കൗൺസിലർ അബ്ദുൽ ജലീൽ മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് ബൈക്കിലെത്തിയ സംഘം മുസ്‌ലിം ലീഗ് പ്രാദേശിക നേതാവും മഞ്ചേരി നഗരസഭ പതിനാറാം വാർഡ് മെമ്പറുമായ അബ്ദുൽ ജലീലിനെ ആക്രമിച്ചത്. മഞ്ചേരി പയ്യനാട് വെച്ച് വാഹനം നിർത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടർന്നായിരുന്നു ആക്രമണം.
മഞ്ചേരി സ്വദേശികളായ അബ്ദുള്‍ മജീദും ഷുഹൈബുമാണ് ആക്രമണത്തിന് പിന്നില്‍. മജീദിനെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തലയിലും നെറ്റിയിലും മുറിവേറ്റ അബ്ദുള്‍ ജലീലിനെ രണ്ട് അടിയന്തിര ശസ്ത്രക്രിയകള്‍ക്ക് വിധേയമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകീട്ടായിരുന്നു മരണം.
മഞ്ചേരി മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഉച്ചക്ക് ഒരു മണിയ്ക്ക് മഞ്ചേരി ടൗൺ ജുമാ മസ്ജിദിൽ ആണ് ഖബറടക്കം.