പാലക്കാട് – നെല്ലിയാമ്പതി ചുരത്തിൽ സംരക്ഷണഭിത്തി നിർമ്മാണം പൂർത്തിയായി. ഗതാഗതം പുനഃസ്ഥാപിച്ചു. ഇക്കഴിഞ്ഞ നവംബർ 22ന് മണ്ണിടിച്ചിലുണ്ടായതിനെത്തുടർന്ന് നെല്ലിയാമ്പതിയിലേക്ക് വലിയ വാഹനങ്ങൾ കടത്തിവിട്ടിരുന്നില്ല. മണ്ണിടിഞ്ഞ സ്ഥലത്ത് സംരക്ഷണഭിത്തി ഉണ്ടാക്കിയതിനുശേഷം മാത്രം ഗതാഗതം പുനഃസ്ഥാപിച്ചാൽ മതിയെന്നായിരുന്നു തീരുമാനം. നിർമ്മാണ പ്രവർത്തനം കഴിഞ്ഞതിനെത്തുടർന്ന് ഇന്നലെയാണ് വലിയ വാഹനങ്ങൾക്കുള്ള വിലക്ക് പിൻവലിച്ചത്. നെല്ലിയാമ്പതിയിലെ ജനങ്ങളുടെ ഏക ആശ്രയമായ കെ.എസ്.ആർ.ടി.സി സർവീസ് ആളെ ഇറക്കിയാണ് കടന്നു പോയിരുന്നത്.
നവംബർ മാസത്തിൽ അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയാണ് ചുരം റോഡ് കേടുവരാൻ കാരണം. ചുരം റോഡിൽ പതിനാലാം മൈലിനും ഇരുമ്പുപാലത്തിനും ഇടയിൽ വലിയ രീതിയിലുള്ള മണ്ണിടിച്ചിലാണ് ഉണ്ടായത്. അടിവശം പൊള്ളയായ റോഡിലൂടെ ഗതാഗതം നിരോധിക്കേണ്ടി വന്നു. രണ്ടാഴ്ചക്കകം സംരക്ഷണഭിത്തി കെട്ടി ഗതാഗതം പുനഃസ്ഥാപിക്കുമെന്നായിരുന്നു അന്ന് അധികൃതർ നടത്തിയ പ്രഖ്യാപനം. എന്നാൽ അതുണ്ടായില്ല. വലിയ വാഹനങ്ങൾക്ക് നെല്ലിയാമ്പതിയിലേക്ക് പൂർണ്ണമായ വിലക്ക് ഏർപ്പെടുത്തി. ഇക്കഴിഞ്ഞ ക്രിസ്മസ്- പുതുവർഷ സീസണിൽ നെല്ലിയാമ്പതിയിലെ വിനോദസഞ്ചാരമേഖലക്ക് ഇത് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. ചെറുവാഹനങ്ങളെ മാത്രമേ പോത്തുണ്ടി ഡാം പരിസരത്തുനിന്ന് മുകളിലേക്ക് കയറ്റി വിട്ടിരുന്നുള്ളൂ. ഏറെക്കാത്തിരിപ്പിനൊടുവിലാണ് സംരക്ഷണഭിത്തിയുടെ പണി പൂർത്തിയാക്കാനായത്. ഇനിയുള്ള ദിവസങ്ങളിൽ നെല്ലിയാമ്പതിയിലേക്ക് വിനോദസഞ്ചാരികളുടെ വരവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
2024 January 15Keralatitle_en: The retaining wall has been completed and traffic has been restored at Nelliampathi Pass