കൽപറ്റ- സംസ്ഥാനത്തെ ഭൂരഹിതരിൽ അർഹരായ എല്ലാവർക്കും ഭൂമി ഉറപ്പാക്കുമെന്ന് റവന്യൂ-ഭവന മന്ത്രി കെ. രാജൻ. കണിയാമ്പറ്റയിൽ സ്മാർട്ട് വില്ലേജ് ഓഫീസും സോണൽ ലാൻഡ് ബോർഡ് ജില്ലാ ഓഫീസും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അനധികൃതമായി കൈക്കലാക്കിയവരിൽനിന്നു ഭൂമി പിടിച്ചെടുത്ത് സാധാരണക്കാർക്ക് നൽകാൻ ശക്തമായ നടപടിയെടുക്കും. മക്കിമല ഭൂപ്രശ്‌നം പരിഹരിക്കുന്നതിനു ആരംഭിച്ച സർവേ പൂർത്തിയാകുന്ന മുറയ്ക്ക് പട്ടയം നൽകുന്നതിനു നടപടി സ്വീകരിക്കും. ഇരുളം ഭൂമി പ്രശ്‌നം 2024ഓടെ തീർപ്പാക്കും. വകുപ്പുമായി ബന്ധപ്പെട്ട അടിസ്ഥാന രേഖകൾ ചിപ്പിലാക്കി റവന്യൂ കാർഡ് വിതരണം ചെയ്യുന്നതിനും പൊതുജനങ്ങളിൽനിന്നു ഡിജിറ്റൽ ഡിവൈസിലൂടെ അപേക്ഷകൾ സ്വീകരിക്കുന്നതിനും രേഖകൾ നൽകുന്നതിനും നടപടികൾ പുരോഗതിയിലാണ്. രണ്ട് വർഷത്തിനിടെ നടന്ന വില്ലേജുതല ജനകീയസഭയിൽ പങ്കെടുത്തവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കും. ജനപ്രതിനിധികളും രാഷ്ട്രീയപാർട്ടി പ്രവർത്തകരും വില്ലേജുതല ജനകീയസഭയിൽ പങ്കെടുത്ത് ആവശ്യമായ നിർദേശങ്ങൾ നൽകണമെന്നു മന്ത്രി പറഞ്ഞു.
ഒ.ആർ.കേളു എം.എൽ.എ അധ്യക്ഷത വഹിച്ചു.ജില്ലാ കലക്ടർ ഡോ.രേണുരാജ്, സബ് കലക്ടർ മിസൽ സാഗർ ഭാരത്, കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. രജിത, പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽഗഫൂർ കാട്ടി, എ.ഡി.എം എൻ.ഐ.ഷാജു, ഡെപ്യൂട്ടി കലക്ടർമാരായ കെ.അജീഷ്, കെ.കെ.ഗോപിനാഥ്, കെ.ദേവകി, സോണൽ ലാൻഡ് ബോർഡ് ചെയർമാൻ പി.സുരേഷ്, വാർഡ് അംഗം ലത്തീഫ് മേമാടൻ, വൈത്തിരി തഹസിൽദാർ ആർ.എസ്.സജി തുടങ്ങിയവർ പങ്കെടുത്തു.
ഭൂമിപ്രശ്‌നങ്ങളിൽ അതിവേഗ തീരുമാനമെന്ന് റവന്യൂമന്ത്രി
പനമരം- സങ്കീർണമായ ഭൂമി പ്രശ്‌നങ്ങളിൽപോലും അതിവേഗം തീരുമാനമെടുക്കുമെന്ന് റവന്യൂ-ഭവന മന്ത്രി കെ.രാജൻ. ഭൂമി തരംമാറ്റൽ അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും മാനന്തവാടി റവന്യൂ ഡിവിഷണൽ ഓഫീസ് റിക്കാർഡ് റൂമിന്റെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി. നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം സൗജന്യമായി ഭൂമി തരംമാറ്റുന്നതിന് അർഹതയുള്ള 25 സെന്റ് വരെ വിസ്തൃതിയുള്ള ഭൂമിയുടെ ഉടമകളുടെ അപേക്ഷകളാണ് അദാലത്തുകളിൽ തീർപ്പാക്കുന്നത്. വയനാട്ടിൽ ഇത്തരത്തിൽ ലഭിച്ച 251 അപേക്ഷകളിൽ നടപടി പൂർത്തിയായി. പുതുതായി ലഭിക്കുന്ന അപേക്ഷകൾ ഉടൻ പരിഹരിക്കും. ഭൂമി തരം മാറ്റുന്നതിന് ഓൺലൈനായി മാത്രം 3,74218 അപേക്ഷകളാണ് സംസ്ഥാനത്ത് ലഭിച്ചത്. ഇതിൽ 1,16,432 എണ്ണത്തിൽ തരംമാറ്റലിനു അനുമതി നൽകി. ശേഷിക്കുന്നവ പരിശോധിച്ച് നടപടി സ്വീകരിച്ചുവരികയാണ്.
ഭൂമി സംബന്ധമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിന് സ്ഥിരം ജീവനക്കാരെ നിയമിക്കുന്നതിന് സർക്കാർ നടപടിയെടുത്തു. 68 ജൂനിയർ സൂപ്രണ്ടുമാരെയും 181 ക്ലർക്കുമാരെയും തരംമാറ്റ അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിന് മാത്രം നിയമിച്ചു. തരംമാറ്റം പേർട്ടലിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി. ഭൂമിയുടെ ഫെയർവാല്യു കൂടി പുനർനിർണയിച്ച് നൽകുന്നതിനാവശ്യമായ ഭേദഗതി തരംമാറ്റ പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജനങ്ങൾക്ക് ഉപകാരപ്രദമാകാനാണ് കെ.എൽ.ആർ സർട്ടിഫിക്കറ്റ് ഒഴിവാക്കിയത്. അദാലത്തിൽ തീർപ്പാക്കുന്ന തരംമാറ്റ ഉത്തരവുകൾ അന്നുതന്നെ വിതരണം ചെയ്യും. ഭൂരഹിതർ ഇല്ലാത്ത കേരളമാണ് സർക്കാരിന്റെ ലക്ഷ്യം. കൈയേറ്റക്കാരോടും കുടിയേറ്റക്കാരോടും സർക്കാരിന് ഒരേ സമീപനമല്ലെന്ന് മന്ത്രി പറഞ്ഞു. തെരഞ്ഞെടുത്ത 15 പേർക്ക് തരം മാറ്റൽ ഉത്തരവ് മന്ത്രി കൈമാറി.
ഒ.ആർ കേളു എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, മാനന്തവാടി നഗരസഭ ചെയർപേഴ്‌സൺ സി.കെ.രത്‌നവല്ലി, പനമരം പഞ്ചായത്ത് പ്രസിഡന്റ് പി.എം.ആസ്യ, എടവക പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് ജംസീറ ഷിഹാബ് തുടങ്ങിയവർ പങ്കെടുത്തു.
2024 January 15Keralatitle_en: Land for all deserving, speedy decision on land issues -Minister K. Rajan