സോഷ്യൽ ഇടങ്ങളിൽ തരംഗമായി മാറിയതാണ് കച്ചാ ബദാം സോങ്. ഭൂപൻ ഭട്യാകർ എന്ന വഴിയോരക്കച്ചവടക്കാരൻ പാടി ഹിറ്റാക്കിയ ഗാനത്തെ ഏറ്റെടുത്ത് പാടിയവരും അതിന് ചുവടുവയ്ക്കുന്നവരുമായി സോഷ്യൽ ഇടങ്ങളിൽ കഴിഞ്ഞ കുറച്ച് നാളുകളായി കച്ചാ ബദാം തരംഗമായിരുന്നു. എന്നാൽ ഇപ്പോഴിതാ മറ്റൊരു തെരുവോര കച്ചവടക്കാരനാണ് പാട്ടുപാടി സോഷ്യൽ ഇടങ്ങളിൽ താരമാകുന്നത്, ഭൂപൻ ഭട്യാകറിനെ അനുകരിച്ച് പാട്ടുപാടി മുന്തിരി കച്ചവടം നടത്തുകയാണ് ഒരു വയോധികൻ. സലീമിനായത് എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ തെരുവോരക്കച്ചവടക്കാരന്റെ വിഡിയോ പങ്കുവെച്ചത്.
ഇതിനോടകം ഇരുപത്തിയഞ്ച് ലക്ഷം ആളുകൾ ഈ പാട്ട് വിഡിയോ കണ്ടുകഴിഞ്ഞു. വളരെ മനോഹരമായ താളത്തിലും സ്റ്റൈലിലുമാണ് ഇദ്ദേഹം ആകർഷകമായ രീതിയിൽ ഈ പാട്ട് പാടുന്നത്. ഒരു ഉന്തുവണ്ടിയിൽ മുന്തിരിയും പേരയ്ക്കയും വിൽക്കാൻ വെച്ചിരിക്കുന്നതും അതിനടുത്തായി ഇരുന്ന് പാട്ട് പാടുന്നതുമാണ് വിഡിയോയിൽ കാണുന്നത്. മുന്തിരിയുടെ ഗുണത്തെക്കുറിച്ചും വില വിവരങ്ങളും മുഴുവൻ പാട്ട് രൂപത്തിൽ രസകരമായി പറയുകയാണ് ഈ വയോധികൻ.അതേസമയം സമൂഹമാധ്യമങ്ങളിൽ ഈ വിഡിയോയും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. കച്ചാ ബദാം സമൂഹമാധ്യമങ്ങളിൽ വളരെ പെട്ടന്നായിരുന്നു ഹിറ്റായത്. ആ പാട്ടിന്റെ താളവും ഭംഗിയുമെല്ലാം വേഗത്തിൽ ആളുകൾ ഏറ്റെടുത്തു. ഒപ്പം പാട്ട് പാടുന്ന ഭൂപൻ ഭട്യാകറും ശ്രദ്ധിക്കപ്പെട്ടിരുന്നു. ബദാം കച്ചവടം നടത്തുന്നതിനിടെ പാട്ട് പാടുന്ന ഭൂപൻ ഭട്യാകറിന്റെ ചിത്രങ്ങൾ ആരോ പകർത്തി സോഷ്യൽ മീഡിയയിൽ ഇട്ടതോടെയാണ് അദ്ദേഹവും അദ്ദേഹത്തിന്റെ പാട്ടും വൈറലായത്. ബദാം കച്ചവടം ഉപജീവനമാർഗമാക്കിയിരുന്ന ഭൂപൻ ആളുകളെ ആകർഷിക്കുന്നതിനായാണ് പാട്ടുകൾ പാടിയിരുന്നത്. ഇപ്പോഴിതാ മറ്റൊരു ഗായകനും ഇത്തരത്തിൽ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുകയാണ്.