അഞ്ച് ദിവസത്തെ ചൈന സന്ദര്‍ശനത്തിന് ശേഷം മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു നാട്ടില്‍ മടങ്ങിയെത്തി. മാലദ്വീപില്‍ തിരിച്ചെത്തിയ ഉടന്‍ ഇന്ത്യ- മാലിദ്വീപ് വിഷയം സംബന്ധിച്ച പ്രസ്താവനയും അദ്ദേഹം നടത്തി. തങ്ങളെ ഭീഷണിപ്പെടുത്താനുള്ള ലൈസന്‍സ് ആര്‍ക്കും ഇല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. നമ്മള് ഒരു ചെറിയ രാജ്യമായിരിക്കാം, പക്ഷേ അത് ഞങ്ങളെ ഭീഷണിപ്പെടുത്താാനുള്ള ലൈസന്‍സായി കാണേണ്ടതില്ലെന്നും മുയിസു പറഞ്ഞു. അതേസമയം മുയിസു ആരുടെയും പേര് എടുത്ത് പറയാതെയാണ് വിമര്‍ശനം നടത്തിയത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ മുയിസുവിന്റെ പ്രസ്താവന ഇന്ത്യയെ ലക്ഷ്യം വച്ച് തന്നെയാണെന്ന് കരുതപ്പെടുന്നു.
ചൈനാ അനുകൂലിയായി കണക്കാക്കപ്പെടുന്ന മുയിസു തന്റെ അഞ്ച് ദിവസത്തെ ചൈന സന്ദര്‍ശനത്തിനിടെ പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആക്ഷേപകരമായ പരാമര്‍ശം നടത്തിയതിന് മാലദ്വീപ് സര്‍ക്കാരിലെ മൂന്ന് മന്ത്രിമാരെ സസ്പെന്‍ഡ് ചെയ്ത സമയത്തായിരുന്നു മുയിസുവിന്റെ ചൈന സന്ദര്‍ശനം. അധിക്ഷേപകരമായ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയും മാലിദ്വീപും തമ്മില്‍ നയതന്ത്ര തര്‍ക്കം രൂക്ഷമായി തുടരുകയാണ്.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മാലിദ്വീപ് എംപിമാരുടെ അധിക്ഷേപകരമായ പ്രസ്താവനയെ തുടര്‍ന്ന് ഇന്ത്യക്കാര്‍ മാലിദ്വീപിലേക്കുള്ള യാത്ര ബഹിഷ്കരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ കൂടുതല്‍ ചൈനീസ് ടൂറിസ്റ്റുകളെ മാലിദ്വീപിലേക്ക് അയക്കണമെന്ന് മുയിസു ചൈനയോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. മാലിദ്വീപ് ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്യുമ്പോള്‍, കൊവിഡിന് മുമ്പ്, നമ്മുടെ രാജ്യത്തേക്ക് വരുന്ന വിനോദസഞ്ചാരങ്ങളില്‍ ഭൂരിഭാഗവും ചൈനയില്‍ നിന്നുള്ളവരാണെന്ന് മുയിസു പറഞ്ഞിരുന്നു. ആ ഒരു കാലം തിരിച്ചുകൊണ്ടുവരുവാനുള്ള ശ്രമങ്ങള്‍ ചൈന വീണ്ടും ശക്തമാക്കണമെന്ന് മാലിദ്വീപ് ആഗ്രഹിക്കുന്നുവെന്നും മുയിസു പറഞ്ഞു.
പ്രസിഡന്റായുള്ള മുയിസുവിന്റെ ആദ്യ ചൈനാ സന്ദര്‍ശനമായിരുന്നു ഇത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിനിടെ മാലിദ്വീപിലെ മൂന്ന് മന്ത്രിമാര്‍ സമൂഹമാധ്യമങ്ങളില്‍ ആക്ഷേപകരമായ ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മുയിസു ചൈന സന്ദര്‍ശനം നടത്തിയത്. ഇതിന് പിന്നാലെയാണ് വിഷയം സമൂഹമാധ്യമങ്ങളില്‍ സജീവമായതും.
ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള വിഷയം ശക്തമായപ്പോള്‍ മാലിദ്വീപ് സര്‍ക്കാര്‍ ആരോപണ വിധേയരായ മൂന്ന് മന്ത്രിമാരെ സസ്പെന്‍ഡ് ചെയ്തു. അതിനിടെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇന്ത്യയിലെ മാലിദ്വീപ് എംബസിയെ വിളിച്ചുവരുത്തി വിഷയത്തില്‍ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തി. അതേസമയം, ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര സംഘര്‍ഷം ഇപ്പോഴും തുടരുകയാണ്.
മാലദ്വീപിന്റെ പുതിയ പ്രസിഡന്റ് മുഹമ്മദ് മുയിസു തന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ 75 ഇന്ത്യന്‍ സൈനികരടങ്ങുന്ന സംഘത്തെ മാലിദ്വീപില്‍ നിന്ന് തിരിച്ചയക്കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ ഇന്ത്യയും മാലിദ്വീപും ഒരു കോര്‍ ഗ്രൂപ്പ് രൂപീകരിക്കുകയും ചെയ്തു. ‘ഇന്ത്യ ഔട്ട്’ എന്ന മുദ്രാവാക്യം ഉയര്‍ത്തി കൊണ്ടായിരുന്നു മുയിസു നേരിട്ടത്തിരഞ്ഞെടുപ്പിനെ നേരിട്ടത്. മാലിദ്വീപിന്റെ ‘ഇന്ത്യ ഫസ്റ്റ് പോളിസി’യില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു. മാലദ്വീപില്‍ സ്വാധീനം സ്ഥാപിക്കാന്‍ ഇന്ത്യയും ചൈനയും മത്സരിക്കുന്ന സാഹചര്യത്തിലായിരുന്നു മുയിസുവിന്റെ സ്ഥാനാരോഹണം.