കൊല്ലം- പുനലൂര്‍ ചെങ്കോട്ട റെയില്‍പാതയില്‍ കോച്ചുകളുടെ എണ്ണം 23 ആയി ഉയര്‍ത്തുന്നതിന്റെ ഭാഗമായുള്ള ട്രയല്‍ റണ്‍ 12 മുതല്‍ 18 വരെ നടക്കും. ഇതുസംബന്ധിച്ച ഉത്തരവ് റിസര്‍ച്ച് ഡിസൈന്‍ ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്‍ (ആര്‍ഡിഎസ്ഒ) പുറത്തിറക്കി. 22 സാധാരണ കോച്ചും ആര്‍ഡിഎസ്ഒയുടെ ടെസ്റ്റ് കോച്ചും ഉള്‍പ്പെടെയാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഓടിക്കുന്നത്.
യാത്രക്കാര്‍ക്ക് പകരം കോച്ചുകളില്‍ മണല്‍ചാക്ക് നിറച്ചാണ് പുനലൂര്‍ മുതല്‍ ചെങ്കോട്ട വരെയും തിരിച്ചുമുള്ള ട്രയല്‍ റണ്‍. സിഗ്‌നല്‍, ടെലികമ്യൂണിക്കേഷന്‍, ഓപ്പറേറ്റിങ്, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ വിഭാഗം ഉദ്യോഗസ്ഥരും ട്രെയിനില്‍ ഉണ്ടാകും. നാലുമണിക്ക് മധുരയില്‍ എത്തുന്ന ട്രെയിന്‍ ഇന്ന് പുനലൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിക്കും.ട്രയല്‍ റണ്ണിനുശേഷം 23 കോച്ചുമായി പാതയിലൂടെ സര്‍വീസ് നടത്താമെന്ന റിപ്പോര്‍ട്ട് ആര്‍ഡിഎസ്ഒ സതേണ്‍ റെയില്‍വേയ്ക്ക് നല്‍കുമെന്നാണ് പ്രതീക്ഷ. റിപ്പോര്‍ട്ട് ആനുകുലമല്ലെങ്കില്‍ നിലവില്‍ ഉള്ളതുപോലെ 14 കോച്ച് മാത്രമേ പാതയിലൂടെ ഓടിക്കൂ. പാതയില്‍ കോച്ചുകളുടെ എണ്ണം കൂട്ടണമെന്ന യാത്രക്കാരുടെ ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
പുനലൂര്‍ ചെങ്കോട്ട പാത കയറ്റിറക്കവും വളവുമുള്ള ഗാട്ട് സെക്ഷനാണ് എന്നതാണ് 14 കോച്ചുകള്‍ മാത്രം ഓടിക്കുന്നതിന് റെയില്‍വേ നല്‍കുന്ന വിശദീകരണം. അതിനാല്‍ ട്രയല്‍ റണ്‍ വലിയ പ്രതീക്ഷയോടെയാണ് യാത്രക്കാര്‍ കാണുന്നത്. നിലവിലുള്ള കൊല്ലം ചെന്നൈ എക്‌മോര്‍, എറണാകുളം വേളാങ്കണ്ണി, ഗുരുവായൂര്‍ മധുര, പാലക്കാട് തിരുനെല്‍വേലി പാലരുവി ട്രെയിനുകള്‍ 14 കോച്ചുമായാണ് പാതയിലൂടെ സര്‍വീസ് നടത്തുന്നത്.
അതേസമയം കൊല്ലം പുനലൂര്‍, പുനലൂര്‍ ഇടമണ്‍, ചെങ്കോട്ട ഭഗവതിപുരം, ഭഗവതിപുരം ഇടമണ്‍ എന്നിങ്ങനെ റീച്ചുകളായുള്ള വൈദ്യുതീകരണവും പൂര്‍ത്തീകരണത്തിന്റെ പാതയിലാണ്. 90 ശതമാനത്തിലേറെ പണി പൂര്‍ത്തിയായി. അവശേഷിക്കുന്നത് പതിമൂന്ന് കണ്ണറ പാലത്തിലുള്ള നിര്‍മാണം മാത്രം.
2024 January 10Keralapunalurtitle_en: COACHES PUNALUR