തെക്ക് – കിഴക്കൻ ഇംഗ്ലണ്ടിൽ മഞ്ഞുവീഴ്ച തുടങ്ങിയതായി ബിബിസി കാലാവസ്ഥ റിപ്പോർട്ട്. തെക്കൻ ഇംഗ്ലണ്ടിലും തെക്കൻ വെയിൽസിലും ‘യെല്ലോ അലേർട്ട്’ പ്രഖ്യാപിച്ചു. ഇന്ന് (തിങ്കളാഴ്‌ച) രാത്രിയോടെ താപനില വൻതോതിൽ കുറയുമെന്നും ഇവിടങ്ങളിൽ -4C വരെ എത്തുമെന്നും, വടക്കൻ സ്കോട്ട്‌ലൻഡിൽ -7C വരെ താപനില താഴ്ന്നേക്കാമെന്നുമാണ് മെറ്റ് ഓഫീസ് റിപ്പോർട്ട്.
മഞ്ഞുവീഴ്ച, യാത്രാ തടസ്സങ്ങൾക്ക് കാരണമാകുമെന്നും ഐസും ചെറിയ അളവിലുള്ള മഞ്ഞും യാത്രകൾ മന്ദഗതിയിലാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കൂടാതെ, മധ്യ ഇംഗ്ലണ്ടിലെ വെള്ളപ്പൊക്ക സ്ഥിതി അങ്ങനെ തന്നെ തുടരുമെന്നാണ് പരിസ്ഥിതി ഏജൻസിയും അറിയിച്ചിരിക്കുന്നത്.
വടക്ക്-കിഴക്കൻ ഇംഗ്ലണ്ടിൽ ചെറിയ തോതിലുള്ള മഴയും മഞ്ഞുവീഴ്ചയും കുന്നുകളിൽ മഞ്ഞും പെയ്യുമെന്നും, തെക്ക്-കിഴക്കൻ ഇംഗ്ലണ്ടിലെ താഴ്ന്ന പ്രദേശങ്ങളിൽ പോലും മഞ്ഞുവീഴ്ചയും മഞ്ഞിന്റെ നേരിയ പൊടിപടലവും ഉണ്ടാകുമെന്നുമാണ് ബിബിസിയുടെ കാലാവസ്ഥാ നിരീക്ഷകൻ സ്റ്റാവ് ഡാനോസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയും (UKHSA) നൽകിയിരിക്കുന്ന മുന്നറിയിപ്പ് പ്രകാരം വെസ്റ്റ് മിഡ്‌ലാൻഡ്‌സ്, ഈസ്റ്റ് മിഡ്‌ലാൻഡ്‌സ്, ഇംഗ്ലണ്ടിന്റെ വടക്ക് – പടിഞ്ഞാറൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ വെള്ളിയാഴ്ച 12 മണി വരെ തണുത്ത കാലാവസ്ഥക്ക് സാധ്യതയുണ്ട്.
തണുത്ത കാലാവസ്ഥ വ്യക്തികളിൽ പ്രത്യേകിച്ച് പ്രായമായവരിൽ ഹൃദയാഘാതം, പക്ഷാഘാതം, ന്യുമോണിയ, വഷളാകുന്ന ആർത്രൈറ്റിസ് എന്നിവയുടെ സാധ്യത വർദ്ധിപ്പിക്കുമെന്ന മുന്നറിയിപ്പാണ് ആരോഗ്യ പ്രവർത്തകർ നൽകുന്നത്. കൈകളുടെ ശക്തിയും വൈദഗ്ധ്യവും നഷ്ടപ്പെടുന്നതിനാൽ വീട്ടിൽ അപകടങ്ങൾ സാധ്യതകൾ വർദ്ധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.