ഗ്രീൻ ടീയിൽ അടങ്ങിയിട്ടുള്ള എപിഗല്ലോകാറ്റെച്ചിൻ ഗാലേറ്റ് പോലുള്ള കാറ്റെച്ചിനുകൾ കൊളസ്ട്രോൾ കുറയ്ക്കുന്നതിനും വിട്ടുമാറാത്ത രോഗ പ്രതിരോധത്തിനും സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ പലരും കുറഞ്ഞത് മൂന്ന് കപ്പോ അതിൽ കൂടുതലോ ഗ്രീൻ ടീ കഴിക്കുന്നത് പതിവാണ്. ശരീരഭാരം കുറയ്ക്കാൻ ഗ്രീൻ ടീ ഫലപ്രദമാണെന്ന് ചില പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്,. എന്നാൽ ശരീരഭാരം കുറയ്ക്കുന്നതിനോ രോഗം തടയുന്നതിനോ വ്യക്തമായ തെളിവുകൾ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നില്ല. ഗ്രീൻ ടീയുടെ ആന്റിഓക്സിഡന്റും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതായാണ് ചില പഠനങ്ങൾ വ്യക്തമാക്കുന്നത്.
ഗ്രീൻ ടീയിലെ സജീവ സംയുക്തങ്ങൾക്ക് നോറെപിനെഫ്രിൻ പോലുള്ള ചില കൊഴുപ്പ് കുറയ്ക്കുന്ന ഹോർമോണുകൾ വർദ്ധിപ്പിക്കാൻ കഴിയുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഒരു പഠനത്തിൽ, വ്യായാമത്തിന് മുമ്പ് ഗ്രീൻ ടീ കഴിച്ച പുരുഷന്മാരിൽ സപ്ലിമെന്റ് എടുക്കാത്ത പുരുഷന്മാരേക്കാൾ 17 ശതമാനം കൂടുതൽ കൊഴുപ്പ് കുറഞ്ഞതായി കണ്ടെത്തിയിരുന്നു. പതിവായി ഗ്രീൻ ടീ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു.
പ്രകൃതിദത്തമായ ആന്റിഓക്സിഡന്റുകളും പോളിഫെനോളുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഗ്രീൻ ടീയിലെ കാറ്റെച്ചിനുകൾ ഓക്സിഡേറ്റീവ് സ്ട്രെസും വീക്കവും കുറയ്ക്കുന്നു. അതിനാൽ ഒരാൾക്ക് തീർച്ചയായും ഗ്രീൻ ടീ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഭക്ഷണം എളുപ്പം ദഹിപ്പിക്കാൻ ഗ്രീൻ ടീ ഫലപ്രദമാണെന്നും പഠനങ്ങൾ പറയുന്നു.
ഗ്രീൻ ടീയിൽ കഫീൻ അടങ്ങിയിട്ടുണ്ട്. ഇത്ഏകാഗ്രതയും ഓർമ്മശക്തിയും മെച്ചപ്പെടുത്തും. കൂടാതെ, അതിൽ എൽ-തിയനൈൻ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ഡോപാമൈൻ, സെറോടോണിൻ തുടങ്ങിയ ന്യൂറോ ട്രാൻസ്മിറ്ററുകളുടെ ഉത്പാദനം വർദ്ധിപ്പിക്കുകയും തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.