കൊച്ചി: സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനത്തേയ്ക്കുള്ള നാമനിര്‍ദേശത്തില്‍ നിന്ന് സ്വയം പിന്മാറി പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്. സഭയുടെ നിര്‍ണായക ഘട്ടത്തില്‍ മാര്‍ ജോസഫ് കല്ലറങ്ങാട് സഭയെ നയിക്കണമെന്ന സിനഡ് ബിഷപ്പുമാരുടെ അഭിപ്രായത്തെ മാനിക്കുന്നതായും എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാനില്ലെന്ന ഉറച്ച നിലപാട് മാര്‍ കല്ലറങ്ങാട് സഹ ബിഷപ്പുമാരെ അറിയിച്ചു.
ഇതോടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് പദവിയിലേയ്ക്ക് ഏറ്റവും സാധ്യത കല്പിച്ചിരുന്ന മാര്‍ കല്ലറങ്ങാട് ഈ പദവിയിലേയ്ക്ക് ഇല്ലെന്ന് ഉറപ്പായി. പദവിയുടെ കാര്യത്തില്‍ പുനപരിശോധന വേണമെന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ബിഷപ്പുമാരുടെ അഭ്യര്‍ത്ഥനയും മാര്‍ കല്ലറങ്ങാട് സ്നേഹത്തോടെ തള്ളുകയായിരുന്നു.

സിനഡിലെ വോട്ടവകാശമുള്ള 54 ബിഷപ്പുമാരില്‍ 45 -ഓളം പേരുടെയും പിന്തുണ ഉണ്ടായിരുന്നിടത്താണ് ആരോഗ്യകാരണങ്ങളും മറ്റും ചൂണ്ടിക്കാട്ടി മാര്‍ കല്ലറങ്ങാട് പദവി നിരസിച്ചതെന്ന് ശ്രദ്ധേയം.

ഇന്നാരംഭിച്ച സിനഡിന്‍റെ പ്രധാന അജണ്ട പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിന്‍റെ തെരഞ്ഞെടുപ്പാണ്. നാളെയാണ് സിനഡില്‍ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനായുള്ള വോട്ടെടുപ്പ് നടക്കുക. ഈ വോട്ടെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആര്‍ക്കും ലഭിച്ചില്ലെങ്കില്‍ പത്താം തിയതി വീണ്ടും വോട്ടെടുപ്പ് നടക്കും. വിജയിക്കുന്ന ആളുടെ പേര് വത്തിക്കാന് അയച്ചു നല്‍കിയ ശേഷം സിനഡ് സമാപിക്കുന്ന 13 -നാണ് പുതിയ സഭാ തലവന്‍റെ പ്രഖ്യാപനം നടക്കുക.

അതേസമയം നിലവിലുള്ള പെന്‍മനന്‍റ് സിന‍ഡില്‍ നിന്നും ആരും മേജര്‍ ആര്‍ച്ച് ബിഷപ്പ് പദവിയിലെത്തില്ലെന്ന് ഉറപ്പായിട്ടുണ്ട്.  പെര്‍മനന്‍റ് സിനഡ് അംഗങ്ങളായ ആര്‍ച്ച് ബിഷപ്പുമാരായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോസഫ് പാമ്പ്ലാനി എന്നിവര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനത്തേയ്ക്ക് ചരടുവലികള്‍ നടത്തിയിരുന്നു. എന്നാല്‍ ഇവരിലാരുടെയും പേരുകള്‍ പരിഗണിക്കേണ്ടതില്ലെന്നാണ് പൊതു ധാരണയെന്ന് റിപ്പോര്‍ട്ട്.

ഇതിനിടെ കേരളത്തിന് പുറത്തുനിന്നുള്ള ഒരാള്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് ആകാനുള്ള സാധ്യതയാണ് ഉരുത്തിരിയുന്നത്. വോട്ടെടുപ്പിലൂടെ അന്തിമ തീരുമാനം നാളെയോ മറ്റൊന്നാളോ ഉണ്ടാകും.

By admin

Leave a Reply

Your email address will not be published. Required fields are marked *