ബോൾട്ടൺ(യുകെ): ബോൾട്ടൺ, സാൽഫോർഡ് ക്രസന്റ്, സാൽഫോർഡ് സെൻട്രൽ, മാഞ്ചസ്റ്റർ പിക്കാഡിലി, മാഞ്ചസ്റ്റർ വിക്ടോറിയ എന്നിവിടങ്ങളിൽ ട്രെയിൻ ലൈനുകൾ ജനുവരി 6 ശനിയാഴ്ച മുതൽ ഫെബ്രുവരി 4 വരെയുള്ള വാരാന്ത്യങ്ങളിൽ അടച്ചിടും. ബോൾട്ടണിനും മാഞ്ചസ്റ്ററിനും ഇടയിൽ യാത്ര ചെയ്യുന്ന യാത്രക്കാർ കൃത്യമായി വിവരങ്ങൾ അന്വേഷിച്ച ശേഷം മാത്രമേ യാത്ര ചെയ്യാവൂ എന്ന മുന്നറിയിപ്പും അധികൃതർ നൽകിയിട്ടുണ്ട്.
വെള്ളപ്പൊക്ക നിയന്ത്രണത്തിനായി അനുവദിക്കപ്പെട്ട 2.7 മില്യൺ പൗണ്ടിന്റെ ഡ്രൈനേജ് ജോലിൾ പൂർത്തീകരിക്കുന്നതിന്നാണ് ലൈനുകൾ അടച്ചിടുന്നത്. 1404 മീറ്റർ പുതിയ ഡ്രെയിനേജ് പൈപ്പുകളാണ് ഇവിടെ സ്ഥാപിക്കുന്നത്.
ബോൾട്ടണിനും മാഞ്ചസ്റ്ററിനും ഇടയിൽ ബസ് റീപ്ലേസ്‌മെന്റ് സർവീസുകളിലൂടെയും; പ്രെസ്റ്റൺ, ബ്ലാക്ക്‌പൂൾ എന്നിവിടങ്ങളിൽ വിഗനിലൂടെ വഴിതിരിച്ചുവിടുന്ന ട്രെയിൻ സർവീസുകളിലൂടെയും യാത്രകൾ നടത്തുന്നതാണ് അഭികാമ്യം.
കഴിഞ്ഞ ആഴ്‌ചകളിലെ വെള്ളപ്പൊക്കവും കൊടുങ്കാറ്റും വരുത്തിയ നാശനഷ്ടങ്ങളിൽ ബോൾട്ടണിന് ചുറ്റുമുള്ള റെയിൽ സേവനങ്ങൾ വൻ തോതിൽ തടസ്സപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായുള്ള അറ്റകുറ്റ പണികളാണ് ഇപ്പോൾ നടത്തുന്നത്.