കാഞ്ഞിരപ്പള്ളി: ഏത്തവാഴ കര്‍ഷകരുടെ വിലത്തകര്‍ച്ചയും ഏത്തക്കായുടെ വിലയിടിവും തടയാന്‍ ‘ചിപ്സ് ചലഞ്ചു’മായി ഇന്‍ഫാം. കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ലയിലെ ഇന്‍ഫാം കര്‍ഷകര്‍ക്ക് ഗുണം ചെയ്യുന്നവിധം കലര്‍പ്പില്ലാത്ത ചിപ്സ് കിലോയ്ക്ക് 250 രൂപയ്ക്ക് വില്‍പന നടത്തുന്നതാണ് ചിപ്സ് ചലഞ്ചിന്‍റെ പ്രധാന ദൗത്യം. അതിനൊപ്പം തന്നെ ചിപ്സിന് ആവശ്യമായ ഏത്തക്ക കര്‍ഷകരില്‍ നിന്ന് കിലോയ്ക്ക് 35 രൂപയ്ക്ക് ശേഖരിക്കാനും ഇന്‍ഫാം തീരുമാനിച്ചിട്ടുണ്ട്.
പൊതു വിപണിയില്‍ നിലവില്‍ ഏത്തപ്പഴത്തിന് 30 – 32 രൂപ മാത്രമാണ് വില. കര്‍ഷകരില്‍ നിന്ന് 17 രൂപയ്ക്കാണ് വ്യാപാരികള്‍ ഏത്തക്കുല ശേഖരിക്കുന്നത്. വിപണിയില്‍ പ്രതീക്ഷയര്‍പ്പിച്ച ഏത്തവാഴ കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയാണ് ഇതുമൂലം ഉണ്ടാകുന്നത്.
ഇതിനെതിരെയാണ് ഇന്‍ഫാം കാഞ്ഞിരപ്പള്ളി ജില്ലാ കമ്മറ്റിയുടെ ചിപ്സ് ചലഞ്ചും ഏത്തക്കാ സംഭരണവും. പൊതു വിപണിയില്‍ 17 രൂപയ്ക്ക് സംഭരിച്ച് 32 രൂപയ്ക്ക് ഏത്തക്ക വില്‍ക്കുമ്പോള്‍ ഇന്‍ഫാം കര്‍ഷകര്‍ക്ക് 35 രൂപ നല്‍കി ഏത്തക്ക സംഭരിക്കുന്നത് കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്.
ഈ ഏത്തക്ക ചിപ്സാക്കി മാറ്റി വിപണിയില്‍ വില്ക്കുന്നതിലൂടെ ഇന്‍ഫാമിന്‍റെ നഷ്ടം നികത്തുന്നു. മാത്രമല്ല, പൊതുവിപണിയില്‍ 360 മുതല്‍ 400 രൂപ വരെ ചിപ്സിന് വിലയുള്ളപ്പോള്‍ യാതൊരു മായവും കലര്‍പ്പും കൃത്രിമ രുചിക്കൂട്ടുകളുമില്ലാതെ 240 രൂപയ്ക്കാണ് ഇന്‍ഫാം മലനാട് ഡവലപ്മെന്‍റ് സൊസൈറ്റിയുടെ ബ്രാന്‍ഡില്‍ ചിപ്സ് വിറ്റഴിക്കുന്നത്.
പരമാവധി കര്‍ഷകര്‍ മലനാട് ചിപ്സ് വാങ്ങി സഹകരിക്കണമെന്നും ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.