ഡല്‍ഹി: മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റ സമന്‍സിൽനിന്ന് മൂന്നാമതും ഒഴിഞ്ഞുമാറി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.
രാജ്യസഭാ തിരഞ്ഞെടുപ്പും റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകളുടെ തിരക്കിലായതിനാൽ ചോദ്യംചെയ്യലിന് ഹാജരാകാനാകില്ലെന്ന് ഇ.ഡിക്ക് മറുപടി നല്‍കിയ കെജ്‌രിവാള്‍, ചോദ്യാവലി തന്നാല്‍ ഉത്തരം നല്‍കാമെന്നും വ്യക്തമാക്കി.
കെജ് രിവാള്‍ ഇ.ഡിക്കയച്ച കത്തിന്റെ കോപ്പി ആംആദ്മി പാര്‍ട്ടിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. തനിക്കയച്ച സമന്‍സ് പ്രേരണയോടെയുള്ളതും ശല്യപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയുള്ളതുമാണെന്ന് കത്തില്‍ കെജ്‌രിവാള്‍ ആരോപിച്ചു. കേസില്‍ തന്നെ സാക്ഷിയായാണോ സംശയിക്കുന്ന ആളായാണോ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് അന്വേഷണ ഏജന്‍സി വ്യക്തമാക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ഒരു വ്യക്തിയെന്ന നിലയിലാണോ ഡല്‍ഹി മുഖ്യമന്ത്രി എന്ന നിലയിലാണോ എഎപിയുടെ ദേശീയ കണ്‍വീനര്‍ എന്ന നിലയിലാണോ എന്നെ വിളിപ്പിക്കുന്നതെന്ന് വ്യക്തമാക്കാത്തതിനാല്‍ ഇത് ഒരു തെളിവിന്റെയും അടിസ്ഥാനമില്ലാത്ത, ചുറ്റിത്തിരിഞ്ഞുള്ള അന്വേഷണമായി കണക്കാക്കുന്നു’, കെജ് രിവാള്‍ വ്യക്തമാക്കി.