‘കള്ളന്മാരുടെ വീട്’ എന്ന സിനിമയുടെ പ്രൊമോഷന് സഹകരിക്കുന്നില്ലെന്ന് നടന്‍ ബിജു കുട്ടനെതിരെ ഗുരുതര ആരോപണവുമായി സംവിധായകന്‍ ഹുസൈന്‍ അറോണി. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമാണ് ബിജു കുട്ടന്‍. അഭിനയത്തിനും പ്രമോഷനും ഉള്‍പ്പടെയുള്ള തുക ബിജു കുട്ടന്‍ മുന്‍കൂറായി വാങ്ങി. എന്നാല്‍, ഇപ്പോള്‍ സിനിമയുമായി യാതൊരു തരത്തിലും സഹകരിക്കുന്നില്ല.
സിനിമയിലെ ഏറ്റവും വലിയ കഥാപാത്രം ബിജു കുട്ടനാണ്. പ്രധാന അഭിനേതാക്കളെയൊന്നും പ്രമോഷന് കാണുന്നില്ല. ഇത്തരത്തിലുള്ള നിസഹകരണം കാണുമ്പോള്‍ തങ്ങളെ പോലുള്ള പുതിയ സിനിമാക്കാര്‍ ഭയന്ന് പുറകിലേക്ക് പോകും. പ്രെമോഷന്റെ സമയത്ത് എപ്പോള്‍ വേണമെങ്കിലും വിളിച്ചോളൂ, റെഡിയാണ് എന്ന് പറഞ്ഞവരാണ് തിരിഞ്ഞ് നോക്കാത്തത്.
” വളരെ പ്രയാസപ്പെട്ടാണ് ഈ സിനിമക്ക് ഫണ്ട് കണ്ടെത്തിയത്. കൃത്യമായ പ്രമോഷനില്ലാതെ സിനിമ ജനങ്ങള്‍ക്ക് മുന്നിലെത്തിക്കാനാകില്ല. പ്രെമോഷന്‍ കൊടുത്തില്ലെങ്കില്‍ പോലും ജനങ്ങള്‍ ഏറ്റെടുത്താല്‍ വിജയിക്കും. പ്രൊമോഷനായി പല ചാനലുകാരേയും വിളിച്ചെങ്കിലും ആര്‍ട്ടിസ്റ്റുകള്‍ ഉണ്ടെങ്കില്‍ മാത്രമേ വരുകയുള്ളൂ എന്നാണ് അവരും പറയുന്നത്. 
ആറു നായകന്മാരില്‍ പ്രാധാന്യമുള്ള മുഴുനീള വേഷമാണ് ബിജു കുട്ടന്‍ ഈ സിനിമയില്‍ ചെയ്യുന്നത്. എന്നാല്‍ ബിജു കുട്ടന് അത് ഇതുവരെയും മനസ്സിലായിട്ടില്ല എന്നും ഇനി അത് മനസിലാകണമെങ്കില്‍ അദ്ദേഹം തന്റെ ഈ വാക്കുകള്‍ കേള്‍ക്കണം. സിനിമ കാണാന്‍ വിളിച്ചിട്ടു പോലും ബിജു കുട്ടന്‍ വന്നില്ല. ഒരു രീതിയിലും സഹകരിക്കുന്നില്ല. എന്നും അവഗണനകള്‍ ഏറ്റുവാങ്ങിയാണ് വന്നിരിക്കുന്നത്. പ്രൊമോഷന് വരാത്തതിന് കാരണം വ്യക്തമാക്കണം. തെറ്റിദ്ധാരണയാണെങ്കില്‍ ക്ഷമിക്കണം. ഡബ്ബിങ്, പ്രമോഷന്‍ അടക്കമാണ് പ്രതിഫലം നല്‍കുന്നത്. രണ്ട് മണിക്കൂറെങ്കിലും തങ്ങള്‍ക്കു വേണ്ടി മാറ്റിവച്ച് കൂടെ. നേരത്തെ ഡിസംബര്‍ 15നായിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍, അന്നും പ്രൊമോഷന് ബിജു കുട്ടന്‍ സഹകരിച്ചില്ല.
അതിനാല്‍ ജനുവരി അഞ്ചിലേക്ക് റിലീസ് മാറ്റിയിരിക്കുകയാണ്. ലൊക്കേഷന്‍ മുതല്‍ തുടങ്ങിയ പ്രശ്നങ്ങളാണ് എന്നും ഷൂട്ട് തീരുന്നതിന് മുമ്പ് തന്നെ മുഴുവന്‍ പൈസയും മേടിച്ചു പോയതാണ്. ടിവിയിലൊക്കെ ബിജു കുട്ടന്റെ പ്രവൃത്തി കാണുമ്പോള്‍ ഇപ്പോള്‍ ചിരിയാണ് വരുന്നത്.  ഇങ്ങനെയൊരു ബിജു കുട്ടനെയായിരുന്നില്ല നമ്മള്‍ മനസില്‍ കണ്ടിരുന്നത്.
അദ്ദേഹത്തിന്റെ കരിയറിലെ മികച്ച സിനിമയായിരിക്കും ഇത്. കുറുക്കന്‍ മനോജ് എന്ന കഥാപാത്രമാണ് പുള്ളി അവതരിപ്പിക്കുന്നത്. ആ പേര് തന്നെ ബിജു കുട്ടന്‍ തിരഞ്ഞെടുത്തതാണ്. എന്നാല്‍, ഇപ്പോള്‍ കുറുക്കന്റെ സ്വഭാവം പോലെ ആയിപ്പോയി. സ്വന്തം മൊബൈലില്‍ ഒരു പ്രൊമോ വീഡിയോ എടുത്ത് അയച്ച് തരാമോ എന്ന് ചോദിച്ചിട്ട് പോലും ചെയ്തില്ല.” – ഹുസൈന്‍ അറോണി പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed