മാസ്ക്കറ്റ്: ഒമാനിൽ ഇന്ധന വില സ്ഥിരപ്പെടുത്തിയ തീരുമാനം തുടരും. രാജ്യത്തെ പരമാവധി ഇന്ധന വില 2021 ഒക്ടോബറിലെ ഇന്ധന വിലയായാണ് സ്ഥിരപ്പെടുത്തിയതെന്ന് ധനകാര്യ വകുപ്പ് മന്ത്രി സുൽത്താൻ സലേം അൽ ഹബ്സി വ്യക്തമാക്കി.
ഇന്ധന വില സ്ഥിരപ്പെടുത്തിയ തീരുമാനം പിൻവലിക്കുന്നത് സംബന്ധിച്ച് നിലവിൽ ആലോചിക്കുന്നില്ലെന്നും ബജറ്റ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ഇന്ധന വില ഉയരുന്ന സാഹചര്യത്തിൽ ചില്ലറ വില്പനയിൽ വരുന്ന വില വ്യത്യാസം സർക്കാർ വഹിക്കുന്ന രീതിയിലാണ് ഇന്ധന വില സ്ഥിരപ്പെടുത്തിയിരിക്കുന്നത്. 2021 ഒക്ടോബറിലെ ഇന്ധന വില രാജ്യത്തെ പരമാവധി ഇന്ധന വിലയായി സ്ഥിരപ്പെടുത്താൻ 2021 നവംബറിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ക്യാബിനറ്റിന് നിർദ്ദേശം നൽകിയിരുന്നു.
എം 95 പെട്രോൾ ലിറ്ററിന് 239 ബൈസ, എം 91 പെട്രോൾ ലിറ്ററിന് 229 ബൈസ, ഡീസൽ ലിറ്ററിന് 258 ബൈസ എന്നിങ്ങനെയായിരുന്നു 2021 ഒക്ടോബർ മാസത്തിലെ രാജ്യത്തെ ഇന്ധന വില.