ടെല്‍ അവീവ്‌: ഹമാസിന്റെ കൊടുംക്രൂരത വെളിപ്പെടുത്തുന്ന റിപ്പോർട്ടുകൾ പുറത്തുവിട്ട് ന്യൂയോര്‍ക്ക്‌ ടൈംസ്‌. ഒക്‌ടോബര്‍ ഏഴിന്‌ തെക്കന്‍ ഇസ്രയേലില്‍ ഹമാസ്‌ നടത്തിയ ആക്രമണത്തില്‍ സ്‌ത്രീകള്‍ക്കെതിരേ കടുത്ത ലൈംഗികാതിക്രമങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ട്‌. 
ഇരകളിലൊരാളും രണ്ടു കുട്ടികളുടെ അമ്മയുമായ ഗാല്‍ അബ്‌ദുഷയെ ആക്രമണത്തിനു ശേഷം കാണാതായിരുന്നു. അര്‍ധനഗ്നയായി, മുഖം തിരിച്ചറിയാനാകാതെ കത്തിക്കരിഞ്ഞനിലയില്‍ അബ്‌ദുഷയുടെ മൃതദേഹം പിന്നീട്‌ റോഡരികില്‍ കണ്ടെത്തി. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. അബ്‌ദുഷ ബലാല്‍സംഗം ചെയ്യപ്പെട്ടതായും ഹമാസ്‌ ആക്രമണത്തില്‍ ഇസ്രേലി സ്‌ത്രീകള്‍ നേരിട്ട ക്രൂരതയുടെ പ്രതീകമാണ്‌ അവരെന്നും പോലീസ്‌ പറഞ്ഞു.
ഗാസ അതിര്‍ത്തി, കിബുത്സിം തുടങ്ങിയ സ്‌ഥലങ്ങളില്‍ അക്രമികള്‍ അഴിഞ്ഞാടി. കുറഞ്ഞത്‌ ഏഴിടങ്ങളിലെങ്കിലും ഇസ്രയേല്‍ സ്‌ത്രീകളും പെണ്‍കുട്ടികളും പീഡിപ്പിക്കപ്പെട്ടു. പലരുടെയും ശരീരം വികൃതമാക്കിയെന്നും ന്യൂയോര്‍ക്ക്‌ ടൈംസ്‌ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗാല്‍ അബ്‌ദുഷിന്റെ മൃതദേഹം കണ്ടെത്തിയ ഹൈവേ റൂട്ട്‌ 232-ല്‍ തന്നെ ഒട്ടേറെ സ്‌ത്രീകള്‍ ബലാല്‍സംഗം ചെയ്യപ്പെട്ടതിനും കൊല്ലപ്പെട്ടതിനും ദൃക്‌സാക്ഷികളുണ്ട്‌. അബ്‌ദുഷിന്റേതിനു സമാനമായി മുപ്പതിലധികം മൃതദേഹങ്ങളില്‍ ക്രൂരപീഡനത്തിന്റെ തെളിവുകള്‍ ശേഷിച്ചിരുന്നെന്നും ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.
ഒരു സ്‌ത്രീയുടെ തുടയിലും അരക്കെട്ടിലും ആണി തറച്ചിരുന്നു. ഇതുള്‍പ്പെടെയുള്ള ഫോട്ടോഗ്രാഫുകളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്‌. ഗാസയ്‌ക്ക്‌ സമീപമുള്ള ഒരു താവളത്തില്‍ കൊല്ലപ്പെട്ട രണ്ട്‌ സൈനികരുടെ ജനനേന്ദ്രിയത്തില്‍ നേരിട്ട്‌ വെടിവച്ചതായും വീഡിയോ ദൃശ്യങ്ങളില്‍ വ്യക്‌തമാണ്‌. ഇസ്രയേല്‍ സൈന്യമാണ്‌ ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്‌.
അതിക്രമങ്ങള്‍ക്കെതിരേ യു.എന്നും സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും പ്രതികരിച്ചില്ലെന്ന്‌ ഇസ്രയേല്‍ ആക്‌ടിവിസ്‌റ്റുകള്‍ വിമര്‍ശിച്ചു. അതേസമയം, ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഹമാസ്‌ നിഷേധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *