ചേലക്കോട്: അനിതക്കും കുടുംബത്തിനും പുതുവര്‍ഷസമ്മാനമായി ‘എന്റെ വീട് ‘. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ നേതൃത്വത്തിലുള്ള ചിറ്റിലപ്പിള്ളി ഫൗണ്ടേഷന് മാതൃഭൂമിയുമായി ചേര്‍ന്ന് നടപ്പാക്കുന്ന എന്റെ വീട് പദ്ധതിയിലൂടെയാണ് അനിതക്കും കുടുംബത്തിനും വീടെന്ന സ്വപന്ം യാഥാര്‍ഥ്യമായത്.
തൃശ്ശൂര്‍ ജില്ലയില്‍ കൊണ്ടാഴി പഞ്ചായത്ത് ചേലക്കോട് വടക്കുംകോണം പ്രദേശത്താണ് അനിതയും കുടുംബവും താമസിക്കുന്നത്. ഒറ്റമുറി ഷെഡിലാണ് ഇവര്‍താമസിച്ചിരുന്നത്. ഓട്ടോ ഡ്രൈവറും ലോട്ടറി കച്ചവടക്കാരനുമായ ഭര്‍ത്താവ് രമേഷും ഒമ്പതിലും ഏഴിലും പഠിക്കുന്ന രണ്ടുമക്കളുമടങ്ങിയതാണ് അനിതയുടെ കുടുംബം.
സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ് എന്റെ വീട് പദ്ധതിയില്‍ അപേക്ഷിക്കുവാന്‍ നിര്‍ദേശിക്കുന്നത്. മഴയും വെയിലുമേല്‍ക്കാതെ പേടിയില്ലാതെ കുടുംബത്തോടൊപ്പം കിടന്നുറങ്ങാന്‍ ഒരുവീട് വെയ്ക്കണമെന്ന പ്രാര്ഥനാസഫലമാണ് എന്റെ വീട് പദ്ധതി.
വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കിയ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷനോടും മാതൃഭൂമിയോടും നന്ദി പറയുന്നതായും അനിത പറഞ്ഞു. ‘പ്രതീക്ഷ’യെന്നാണ് വീടിന് പേരുനല്കിയിട്ടുള്ളത്. ജില്ലയിലെ 31 -ാമത്തെ പണിപൂര്‍ത്തീകരിച്ച വീട് കൂടിയാണ്.
കൊണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരന്, വൈസ് പ്രസിഡന്റ് ലതനാരായണന് കുട്ടി എന്നിവര്‍ ചേര്‍ന്ന് അനിതക്കും കുടുംബത്തിനും വീടിന്റെ താക്കോല്‍ കൈമാറി. 70 ദിവസം കൊണ്ട് വീടുപണി പൂര്‍ത്തിയാക്കിയ കരാറുകാരന് സുഗ്ദേവ് ചേലക്കോടിനെ ചടങ്ങില്‍ അനുമോദിച്ചു.
മാതൃഭൂമി യൂണിറ്റ് മാനേജര്‍ വിനോദ് പി.നാരായണന്,മാതൃഭൂമി ലേഖകന്‍ എം.അരുണ്‍കുമാര്‍, എക്സിക്യൂട്ടീവ് സെയ്ന്റ്സണ് പോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.