കോട്ടയം: മോഷണക്കുറ്റം ആരോപിച്ച് പോലീസ് മര്‍ദിച്ചെന്ന യുവാവിന്റെ പരാതിക്ക് പിന്നാലെ മോഷണ ദൃശ്യങ്ങള്‍ പുറത്ത്. കോട്ടയം മുണ്ടക്കയം സ്വദേശി അഫ്സലാണ് പോലീസും കടയുടമയും ചേര്‍ന്ന് തന്നെ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപണമുന്നയിച്ചത്.
എന്നാല്‍, മോഷണദൃശ്യങ്ങള്‍ പുറത്തു വന്നതോടെ അഫ്സലിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു. മോഷണകുറ്റമാരോപിച്ച് നഗ്നനാക്കി മര്‍ദിച്ചെന്ന പരാതിയുമായി കഴിഞ്ഞ ദിവസമാണ് അഫ്സല്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി.
എന്നാല്‍, ഇയാള്‍ ജോലി ചെയ്യുന്ന മുണ്ടക്കയത്തെ കുറിയര്‍ സ്ഥാപനത്തിലെ സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ കഥ മാറിമറഞ്ഞു. മേശവലിപ്പില്‍ നിന്ന് പണമെടുത്ത് എണ്ണിത്തിട്ടപ്പെടുത്തിയ ശേഷം ബാഗില്‍ വച്ച് പുറത്തിറങ്ങുന്നതാണ് ദൃശ്യങ്ങളില്‍. പിറ്റേദിവസം സ്ഥാപനത്തിലെത്തിയ അഫ്സല്‍ തന്നെയാണ് പണം കാണാനില്ലെന്ന് ഉടമയെ അറിയിച്ചത്.
സംശയം തോന്നി സ്റ്റേഷനിലേക്ക് വിളിപ്പിച്ച പോലീസ് ചോദ്യം ചെയ്യലിനിടെ മണിക്കൂറുകളോളം മര്‍ദിച്ചെന്നാണ് പരാതി. ഇയാള്‍ പണം ചെലവഴിച്ചത് സംബന്ധിച്ചും പോലീസിന് വിവരം ലഭിച്ചു. ഇയാള്‍ക്കെതിരെ മുമ്പുണ്ടായിരുന്ന പരാതികളില്‍ കേസെടുക്കാനും പോലീസ് നീക്കം തുടങ്ങി. അതേസമയം പോലീസ് മര്‍ദിച്ചെന്ന പരാതിയില്‍ ജില്ലാ പോലീസ് മേധാവി റിപ്പോര്‍ട്ട് തേടി.